ബജറ്റ് 600 കോടി! ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം റിലീസിനെത്തുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം

 


ഇന്ത്യന്‍ സിനിമാ വ്യവസായത്തെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2023. ഏത് ഭാഷകളിലും ഒരുപിടി മികച്ച വിജയ ചിത്രങ്ങള്‍ ഉണ്ടായി എന്ന് മാത്രമല്ല, കൊവിഡ് കാലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ ചലച്ചിത്ര വ്യവസായം പൂര്‍ണ്ണമായും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ കൂട്ടത്തോടെ എത്തിയ വര്‍ഷവുമാണ് 2023. കളക്ഷന്‍ വര്‍ധിക്കുന്നതിനനുസരിച്ച് ബജറ്റിലും മുകളിലേക്ക് പോവുകയാണ് ഇന്ത്യന്‍ സിനിമ. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നിന്‍റെ റിലീസ് ഈ വര്‍ഷമാണ്.പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡി ആണ് ആ സിനിമ. 600 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്! ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളില്‍ നിന്നുമുള്ള റിലീസുകള്‍ നോക്കിയാലും 2024 ല്‍ ഇതിനേക്കാള്‍ മുതല്‍മുടക്കുള്ള ഒരു ചിത്രം എത്താനില്ല. എക്കാലത്തെയും ചിത്രങ്ങള്‍ എടുത്താല്‍ ബജറ്റില്‍ രണ്ടാം സ്ഥാനത്താണ് കല്‍ക്കി. പ്രഭാസ് തന്നെ നായകനായ ആദിപുരുഷ് ആണ് ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തെയും വലിയ മുതല്‍മുടക്ക് അവകാശപ്പെടുന്ന ചിത്രം. 700 കോടിയാണ് ഈ ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് കരുതപ്പെടുന്നത്.

അതേസമയം എപിക് സയന്‍സ് ഫിക്ഷന്‍ ഡിസ്ടോപ്പിയന്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസിനൊപ്പം അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മഹാനടിയും ജതി രത്നലുവും അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് നാഗ് അശ്വിന്‍. കമല്‍ ഹാസന്‍ അടക്കമുള്ളവര്‍ എത്തുന്ന പ്രഭാസ് ചിത്രമെന്ന നിലയില്‍ ചിത്രത്തിന്‍റെ പാന്‍ ഇന്ത്യന്‍ അപ്പീലും വലുതാണ്. പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം കളക്ഷനിലും ചിത്രം വിസ്മയിപ്പിക്കുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ.

أحدث أقدم