രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: 700 ലധികം പോസ്റ്റ്‌മോർട്ടങ്ങളുടെ ഭാഗമായ ശുചീകരണ തൊഴിലാളിക്ക് ക്ഷണം

 



700 ലധികം പോസ്റ്റ്‌മോർട്ടങ്ങളുടെ ഭാഗമായ വനിതാ പോസ്റ്റ്‌മോർട്ടം അസിസ്റ്റന്റിന് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. ഛത്തീസ്ഗഡ് കാങ്കറിലെ നഹർപൂർ ഗ്രാമത്തിലെ താമസക്കാരിയായ സന്തോഷി ദുർഗയ്ക്കാണ് ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണം പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രിക്ക് നന്ദിയുണ്ടെന്നും ദുർഗ പ്രതികരിച്ചു.20 വർഷത്തോളമായി നർഹർപൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ തൊഴിലാളിയായി സേവനമനുഷ്ഠിച്ച് വരികയാണ് ദുർഗ. അച്ഛനും ഇതേ ഹെൽത്ത് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. പോസ്റ്റ്‌മോർട്ടം നടപടിക്കിടെ മൃതദേഹത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധം സഹിക്കാൻ പിതാവ് മദ്യപിക്കാൻ തുടങ്ങി. പിന്നീട് മദ്യത്തിന് അടിമയായി.

മദ്യം ഉപേക്ഷിക്കാൻ അഭ്യർത്ഥിക്കുമ്പോൾ, ഇത് ജോലിയുടെ ഭാഗമാണെന്നും മദ്യപിക്കാതെ അഴുകിയ മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം സഹിക്കാൻ കഴിയില്ലെന്നും അച്ഛൻ മറുപടി നൽകും. ഇത് തെറ്റാണെന്ന് കാണിക്കാനാണ് മദ്യപാനത്തിനെതിരായ സന്ദേശമായി അച്ഛന്റെ ജോലി തെരഞ്ഞെടുത്തതെന്ന് ദുർഗ പറയുന്നു. 2004 ലാണ് ദുർഗ ആദ്യമായി പോസ്റ്റ്‌മോർട്ടം നടപടികളുടെ ഭാഗമാകുന്നത്. നാളിതുവരെ 700 ഓളം പോസ്റ്റ്‌മോർട്ടം കേസുകളിൽ ഭാഗമായി.പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സന്തോഷി ദുർഗയുടെ കുടുംബത്തിൽ ഭർത്താവ് രവീന്ദ്ര ദുർഗ ഉൾപ്പെടെ ആറ് അംഗങ്ങളുണ്ട്. ‘ക്ഷണം ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു’- വികാരഭരിതയായി സന്തോഷി പറഞ്ഞു. മോർച്ചറിയിൽ ചെറിയ ജോലി ചെയ്യുന്ന ഒരാളുടെ പ്രവൃത്തിക്ക് വലിയ ബഹുമാനമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി പറയുന്നു’-ദുർഗ കൂട്ടിച്ചേർത്തു.

أحدث أقدم