യുവാക്കൾ കേരളം വിടുന്നു'; വിമർശിച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, പേടിക്കേണ്ടെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: യുവാക്കൾ കേരളം വിടുന്നുവെന്ന ആരോപണവുമായി ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പെരുന്തോട്ടം. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് പെരുന്തോട്ടത്തിന്റെ വിമർശനം. ദൈവത്തിൻ്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാൻ കഴിയില്ലെന്ന തോന്നലാണ് യുവാക്കൾ കേരളം വിടാൻ കാരണം. ഇവിടെ നിന്ന് രക്ഷപ്പെട്ട് എവിടെയെങ്കിലും പോകണമെന്നാണ് അവരുടെ തോന്നൽ. ഇത് സിറോ മലബാർ സഭയുടെ മാത്രം പ്രശ്നമല്ല, യുവജനങ്ങളുടെ പ്രശ്നമാണ്. ഇവിടെ ജീവിച്ച് വിജയിക്കാൻ കഴിയുമെന്ന സാഹചര്യമുണ്ട് എന്ന് ബോധ്യപ്പെടുത്തണം. അതിന് സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രസം​ഗത്തിൽ ജോസഫ് പെരുന്തോട്ടത്തിന് മറുപടി നൽകി. ലോകം മാറ്റത്തിന് വിധേയമാണ്. യുവാക്കൾ പുറത്തേക്ക് പോകുന്നത് പുതിയ പ്രതിഭാസമാണ്. ഉന്നത വിദ്യാഭ്യാസ രംഗം ശക്തീകരിക്കാൻ സ‍ർക്കാർ നടപടികൾ സ്വീകരിച്ചു പോരുന്നുണ്ട്. എല്ലാം ഒറ്റ ദിവസം കൊണ്ട് നേടി എടുക്കാൻ കഴിയില്ല. ഇതിൽ ഒരു ആശങ്കയും വേണ്ട. കൊവിഡ് കാലത്ത് കേരളത്തിലേക്ക് വരണമെന്നായിരുന്നു പലരും ആഗ്രഹിച്ചത്. നമ്മുടെ നാട് ജീവിക്കാൻ പറ്റാത്ത നാടായി എന്ന് വിഷമിക്കേണ്ട. ഇനിയും മെച്ചപ്പെടാൻ ഉണ്ട്, അതിന് ഒരുമിച്ച് പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ഇതിനിടെ ജോസഫ് പെരുന്തോട്ടത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തി. പെരുന്തോട്ടത്തിലിന്റെ വാക്കുകൾ ലാഘവത്തോടെ കാണാൻ കഴിയില്ല. കുട്ടികൾ എല്ലാം പുറത്തേക്ക് പോവുകയാണ്. കേരളം പ്രായമായവരുടെ നാടായി മാറുമോ എന്ന് ഉത്കണ്ഠയുണ്ട്. ഒമ്പത് സ‍ർവ്വകലാശാലകൾക്ക് വിസിമാരില്ല. കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. അപകടകരമായ രീതിയിലേക്ക് വിദ്യാഭ്യാസ രംഗം മാറി. പെരുന്തോട്ടത്തിൻ്റെത് വിമർശനമല്ല, ആശങ്കയാണെന്നും വിഡി സതീശൻ പറഞ്ഞു.

കൊവി‍ഡ് കാലത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായത് കേരളത്തിലാണെന്ന് മുഖ്യമന്ത്രിക്ക് മറുപടിയായി വി ഡി സതീശൻ പറഞ്ഞു. 30,000 പേര് കൊവിഡ് കാലത്ത് മരിച്ചിരുന്നു. അത് പിന്നീടാണ് അറിഞ്ഞത്. കൊവിഡ് പ്രതിരോധത്തിൽ ഒന്നാം സ്ഥാനം കിട്ടിയത് ചികിത്സയ്ക്കല്ല, രോഗികളുടെ എണ്ണത്തിലാണെന്നും പഴയ പ്രതാപം പറഞ്ഞിരിക്കരുതെന്നും സതീശൻ വിമ‍ർശിച്ചു.


أحدث أقدم