വെറും മൂന്ന് ​ഗ്രാം സ്വർണം പൂശി ബാങ്കിനെ പറ്റിച്ചു, തട്ടിയത് ലക്ഷങ്ങൾ, കണ്ണൂർ സ്വദേശിയെ ഒടുവിൽ പൊലീസ് പൂട്ടി

 


കണ്ണൂർ: ഫെഡറല്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ചു 13.82,000 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കടന്നപ്പള്ളി ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെ (36)യാണ്  പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സിഐ സന്തോഷ് കുമാർ, എസ് ഐ രൂപ മധുസൂദനൻ,  സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, ഷിജോ അഗസ്റ്റിൻ, ചന്ദ്രകുമാർ എന്നിവരാണ് ഇയാളെ പിടികൂടിയത്. എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന റിഫാസിനെ പിടികൂടിയ അന്വേഷണ സംഘത്തിൽ  ഉണ്ടായിരുന്നു.2020 ഒക്‌ടോബര്‍ 20 മുതല്‍ കഴിഞ്ഞ വർഷം ഫെബ്രവരി വരെയുളള കാലഘട്ടങ്ങളിലാണ് ഇയാൾ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്. മാല, വള, തുടങ്ങിയ 330.6 ​ഗ്രാം മുക്കുപണ്ടമാണ് പണയം വെച്ചത്. കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണം തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അ ധികൃതര്‍ നോട്ടീസ് അയച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല.

തിരിച്ചെടുക്കാത്ത പണയപണ്ടങ്ങള്‍ ലേലം ചെയ്തു വില്‍ക്കാറാണ് ബാങ്കിന്റെ നിയമാനുസൃതമായ നടപടി. ഇതിനുമുന്നോടിയായ റിഫാസ് പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ ഹെഡ് ഓഫീസിന്റെ അനുമതി തേടി.

കഴിഞ്ഞ ജൂണിലാണ് അനുമതി ലഭിച്ചത്. ഇതേ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്തിയത്. മൂന്ന് ഗ്രാം സ്വര്‍ണം പൂശിയ ആഭരണമായിരുന്നു റിഫാസ് പണയം വെച്ചത്.  റിഫാസിനെ ബന്ധപ്പെടാനും അധികൃതർക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖാ സീനിയര്‍ മാനേജര്‍ വി. ഹരി പൊലീസിൽ പരാതി നല്‍കിയത്.

ചന്തപ്പുര സ്വദേശിയാണെങ്കിലും മുഹമ്മദ് റിഫാസ് മലപ്പുറത്ത് റിയല്‍ എസ്‌റ്റേറ്റ്, വാഹന ഇടപാട് മേഖലയിലാണ് പ്രവർത്തിക്കുന്നതെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്‍, പഴയങ്ങാടി സി.ഐ ടി. എന്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം ആദ്യഘട്ടത്തിൽ ആരംഭിച്ചത്.  

أحدث أقدم