ടൊറന്റോ: കാനഡയിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ബിസിനസുകാരെ ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ അന്വേഷണത്തെ ഇന്ത്യ സഹായിക്കുമെന്ന് അംബാസഡര്‍ അറിയിച്ചു. എന്നാല്‍ അത്തരമൊരു കാര്യത്തിന് ഔപചാരികമായ അഭ്യര്‍ഥനകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ആല്‍ബര്‍ട്ട പ്രവിശ്യയുടെ തലസ്ഥാനമായ എഡ്മണ്ടണിലെ പൊലീസ് ഈ കുറ്റകൃത്യങ്ങളില്‍ 27 എണ്ണവും ഇന്ത്യയില്‍ നിന്ന് ആസൂത്രണം ചെയ്തതാണെന്ന് വിശ്വസിക്കുന്നതായി ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ സൂചിപ്പിച്ചു.
ഇക്കാര്യത്തില്‍ കാനഡ ഇതുവരെ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ഇതുവരെ തെളിവുകള്‍ സഹിതം ആവശ്യപ്പെട്ടിട്ടില്ലെന്നും എങ്കിലും സംഘടിത കുറ്റകൃത്യങ്ങളില്‍ സഹകരിക്കുന്നതിന് രണ്ട് സര്‍ക്കാരുകള്‍ക്കിടയില്‍ നിലവിലുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനേഡിയന്‍ കൊള്ളക്കാരും ഇന്ത്യന്‍ ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാണിച്ചു പ്രസക്തമായ തെളിവുകള്‍ പങ്കിട്ടാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനാവും.
എഡ്മണ്ടന്‍ പൊലീസ് സര്‍വീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ മേഖലയില്‍ നടന്ന ‘കൊള്ളപ്പലിശ പരമ്പര’യുമായി ബന്ധപ്പെട്ട 27 സംഭവങ്ങളാണ് അന്വേഷിക്കുന്നത്. ഇതില്‍ അഞ്ച് തട്ടിക്കൊണ്ടുപോകല്‍, 15 തീവെപ്പ്, 7 തോക്ക് കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് എഡ്മണ്ടണ്‍ പൊലീസ് സര്‍വീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ കുറ്റകൃത്യങ്ങള്‍ ഇന്ത്യയില്‍ നിന്നാണ് സംഘടിപ്പിക്കുന്നത് എന്നാണ് തങ്ങളുടെ വിശ്വാസമെന്നും വാര്‍ത്താ സമ്മേളനത്തില്‍ എഡ്മണ്ടണ്‍ പൊലീസ് സര്‍വീസ് സ്റ്റാഫ് സര്‍ജന്‍ ഡേവ് പാറ്റണ്‍ പറഞ്ഞു.
കൊള്ളപ്പലിശ പരമ്പരയുമായി ബന്ധപ്പെട്ട് വെടിവെയ്പും തീവെച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒക്ടോബര്‍ 19ന് നഗരത്തിലെ ഒരു വസതിയില്‍ നടന്ന വെടിവെപ്പിലെ 12 തോക്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്ന 20കാരനായ പര്‍മീന്ദര്‍ സിംഗ് ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഇയാളിപ്പോള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
ഹസന്‍ ഡെംബില്‍ (18), മാനവ് ഹീര്‍ (18), രവീന്ദര്‍ സന്ദു (19) എന്നിവരാണ് മറ്റുള്ളവര്‍. തോക്കുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്ന അര്‍ജുന്‍ സഹനാന്‍ (19) അറസ്റ്റിലായെങ്കിലും വിട്ടയച്ചിരുന്നു.ഇവരില്‍ ഒരാള്‍ കാനഡ വിട്ടുവെങ്കിലും ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
വെടിവയ്പ്പിനെ തുടര്‍ന്ന് അപകടങ്ങളുണ്ടായില്ലെങ്കിലും സംഭവങ്ങളില്‍ ഒന്‍പത് ദശലക്ഷം ഡോളറിന്റെ സ്വത്ത നാശമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്ടീഷ് കൊളംബിയയിലെ ലോവര്‍ മെയിന്‍ലാന്‍ഡ് മേഖലയിലും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലും സമാനമായ കൊള്ളയടിക്കല്‍ ശ്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.