അബുദാബി: ട്രാഫിക് ഫൈന്‍ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീം പ്രഖ്യാപിച്ച് അബുദാബി എമിറേറ്റ്‌സ്. അബുദാബി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന് (ഡിഎംടി) കീഴിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) ആണ് ട്രാഫിക് പിഴ അടയ്ക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് 'ഈസി പേയ്മെന്റ്' സേവനം ആരംഭിച്ചത്.സ്വദേശികള്‍ക്കും വിദേശികള്‍ക്കും ട്രാഫിക് പിഴകള്‍ 12 മാസ തവണകള്‍ വരെ ആയി അടയ്ക്കാം. ഉയര്‍ന്ന ട്രാഫിക് പിഴകള്‍ മാത്രമാണ് ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കുന്നത്. 3,000 ദിര്‍ഹം (67,852.84 രൂപ) അല്ലെങ്കില്‍ അതിന് മുകളില്‍ വരുന്ന ഐടിസി പിഴകള്‍ തവണകളായി അടയ്ക്കാന്‍ ഈ സേവനം ഉപഭോക്താക്കളെ അനുവദിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ക്രെഡിറ്റ് കാര്‍ഡുള്ള വ്യക്തികള്‍ക്ക് മാത്രമാണ് സേവനം ഉപയോഗപ്പെടുത്താവാനുക.
നിലവില്‍ മൂന്ന് ബാങ്കുകളാണ് ഈ സേവന നല്‍കുന്നത്. കൂടുതല്‍ ബാങ്കുകളെ ഉള്‍പ്പെടുത്തി 'ഈസി പേയ്മെന്റ്' സ്‌കീം വിപുലീകരിക്കാനും ഐടിസി പദ്ധതിയിടുന്നു. 2024 ആദ്യ പകുതിയോടെ കരാറില്‍ കൂടുതല്‍ ബാങ്കുകളെ ഉള്‍പ്പെടുത്താനാണ് നീക്കം.
തവണ വ്യവസ്ഥ ലഭ്യമായ ബാങ്കുകള്‍
- ഫസ്റ്റ് അബുദാബി ബാങ്ക്
- അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്
- എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്.
ഉപഭോക്താക്കള്‍ക്ക് TAMM സേവന കേന്ദ്രങ്ങള്‍ വഴിയോ അബുദാബിയിലെയും അല്‍ ഐന്‍ സിറ്റി മുനിസിപ്പാലിറ്റികളിലെയും ഉപഭോക്തൃ ഹാപ്പിനെസ് സെന്ററുകള്‍ വഴിയോ ഈ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. പിഴകള്‍ അടയ്ക്കാനും നിശ്ചിത കാലയളവുകളിലേക്കുള്ള ഇന്‍സ്റ്റാള്‍മെന്റ് പേയ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും ഈ കേന്ദ്രങ്ങളില്‍ സൗകര്യമുണ്ട്.
ഇന്‍സ്റ്റാള്‍മെന്റ് കാലയളവുകള്‍
- മൂന്നു മാസം
- ആറു മാസം
- ഒമ്പത് മാസം
- 12 മാസം
ഉപഭോക്താക്കള്‍ നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പിഴ അടയ്ക്കുകയും തുടര്‍ന്ന് ആവശ്യമുള്ള കാലയളവില്‍ തവണകളായി പേയ്മെന്റുകള്‍ അടയ്ക്കുന്നതിന് ഇഷ്യൂ ചെയ്ത ബാങ്കുമായി ബന്ധപ്പെടുകയുമാണ് വേണ്ടത്. ബാങ്കുകള്‍ പലിശയോ അധിക ചാര്‍ജോ ഈടാക്കില്ല.
പേയ്മെന്റ് പ്രക്രിയകള്‍ സുഗമമാക്കുകയും സൗകര്യപ്രദമായ പേയ്മെന്റ് പ്ലാനുകള്‍ നല്‍കുകയും ചെയ്യുന്നതിലൂടെ ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുകയാണ് ഈ സ്‌കീമിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഐടിസി വ്യക്തമാക്കി. അബുദാബിയുടെ ആഗോള പ്രശസ്തി ഉയര്‍ത്തുകയും ജീവിക്കാനും നിക്ഷേപം നടത്താനുമുള്ള ലോകത്തെ മുന്‍നിര നഗരങ്ങളിലൊന്നായി എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും ഐടിസി കൂട്ടിച്ചേര്‍ത്തു.