വാട്സാപ്പിലൂടെ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കിട്ടതിന് ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരിക്ക് സസ്പെൻഷൻ



പാതിരപ്പള്ളി ഹോംകോയിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർ വി.ടി.ധനിഷ മോളെയാണ് സസ്പെൻഡ് ചെയ്തത്. സീനിയോറിറ്റി മറികടന്ന് സിഐടിയു അംഗങ്ങളായ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ധനിഷ മോള്‍ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് സസ്പെൻഷനെന്ന് ധനിഷ മോള്‍ പറഞ്ഞു.

പത്ത് വർഷമായി പാതിരപ്പള്ളിയിലെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാർമസിയിലെ ഡാറ്റാ എൻട്രി ജീവനക്കാരിയാണ് ധനിഷ മോള്‍. രണ്ട് മാസമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അവധിയിലാണ്. ഇതിനിടെയാണ് മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും വാട്സ് അപ്പ് സ്റ്റാറ്റസിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും അല്ലെങ്കിൽ തുടർ നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. എത്ര ദിവസത്തേക്കാണ് സസ്പെൻഷനെന്ന് വ്യക്തമാക്കിയിട്ടില്ല. തൊഴിലാളികളെ മാനസികമായി തളർത്തുന്നതിനും മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ സമീപനത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ധനീഷയുടെ തീരുമാനം.
أحدث أقدم