യുകെയിൽ വാടക കൊടുക്കാതെ ആഡംബരവീടുകളിൽ താമസിക്കാം, ഇങ്ങോട്ട് കാശും കിട്ടും; ഇതാ ഒരു വെറൈറി ജോലി



യുകെ: വളരെ വെറൈറ്റി ആയിട്ടുള്ള എന്തൊക്കെ ജോലികളാണ് ഇന്ന് ലോകത്ത് അല്ലേ? ചിലതൊക്കെ കേൾക്കുമ്പോൾ കൊതി തോന്നും, തനിക്കും ഇങ്ങനെ ഒരു ജോലിയായിരുന്നെങ്കിൽ എന്ന്. അങ്ങനെ ഒരു ജോലിയാണ് യുകെയിൽ നിന്നുള്ള ഫോൾ എന്ന യുവതിയുടേത്. അവർ ഒരു 'ഹൗസ് സിറ്റർ' ആണ്. ഇനി എന്താണ് ഈ ഹൗസ് സിറ്റർ എന്നല്ലേ? കുട്ടികളെ നോക്കുന്നവരാണ് ബേബി സിറ്റർമാരെങ്കിൽ വീട് നോക്കുന്നവരാണ് ഹൗസ് സിറ്റർമാർ. അങ്ങനെ ഒരാളാണ് ഫോൾ. വലിയ വലിയ ബം​​ഗ്ലാവുകളിലാണ് ഫോളിന്റെ താമസം. എന്നാൽ, ഒറ്റ രൂപാ പോലും അവൾക്ക് വാടക കൊടുക്കുകയും വേണ്ട. പകരം വീട്ടുടമസ്ഥർ അവരുടെ വീട്ടിൽ താമസിക്കുന്നതിന് ഫോളിന് അങ്ങോട്ട് കാശു കൊടുക്കും.  സാധാരണയായി വീട്ടിൽ നിന്നും കുറച്ച് ദിവസം മാറി നിൽക്കുന്നവരോ, അല്ലെങ്കിൽ വീട് ശ്രദ്ധിക്കാൻ കഴിയാത്തവരോ ഒക്കെയാണ് ഫോളിന്റെ സഹായം തേടുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ആഡംബര വീടുകളാണ് പലപ്പോഴും ഫോളിന് താമസിക്കാൻ കിട്ടുന്നത്. താൻ മാറിമാറി താമസിക്കുന്ന വീടുകളിൽ നിന്നെല്ലാം വീഡിയോകളും വിശേഷങ്ങളും ഫോൾ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ പങ്കുവയ്ക്കാറുണ്ട്. മൂന്നുമാസത്തിനിടെ ഇതുപോലെ ആറ് വീടുകളിൽ ഫോൾ താമസിച്ചത്രെ. അവൾ താമസിച്ച സ്ഥലങ്ങളിൽ ഡെവോണിലെ ഒരു ബം​ഗ്ലാവ്, റിച്ച്മണ്ടിലെ ഒരു മനോഹരമായ ടൗൺഹൗസ്, ഈസ്റ്റ് ലണ്ടനിലെ ഒരു Airbnb എന്നിവയെല്ലാം ഉൾപ്പെടുന്നു. വെസ്റ്റ് ലണ്ടനിലെ ഒരു വീടിന് കൂട്ടിരിക്കാൻ പോയപ്പോൾ അവൾക്ക് നോക്കാനുണ്ടായിരുന്നത് ആ വീട് മാത്രമായിരുന്നില്ല. അവിടുത്തെ നായക്കുട്ടിയെ കൂടിയായിരുന്നു. അതുപോലെ ചില അനുഭവങ്ങളും ഈ ജോലിയുമായി ബന്ധപ്പെട്ട് അവൾക്കുണ്ടാവാറുണ്ട്. എന്തായാലും, ലക്ഷങ്ങൾ വാടക കൊടുത്ത് ആഡംബര വീടുകളിൽ കഴിയുന്നതിന് പകരം ഒരു രൂപാ പോലും ചിലവാക്കാതെ ഫോൾ ആഡംബര വീടുകളിൽ കഴിയുന്നു. ഒപ്പം ഒരു ജോലി എന്ന നിലയിൽ അതിൽ നിന്നും അവൾക്ക് നല്ല വരുമാനവും കിട്ടുന്നു. 

أحدث أقدم