ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിൽ ആദ്യമായി ഒരു വനിത സുബേദാർ സ്ഥാനം സ്വന്തമാക്കി. ഹവിൽദാർ ആയിരുന്ന പ്രീതി രജക് ആണ് രാജ്യത്തെ ആദ്യ വനിത സുബേദാർ ആകുന്നത്. ഷൂട്ടിംഗ് ചാമ്പ്യനായ പ്രീതി 2024ലെ പാരീസ് ഒളിമ്പിക്സിനായി പരിശീലനം നടത്തിവരുന്ന വ്യക്തി കൂടിയാണ്.
കഴിഞ്ഞവർഷം മുതലാണ് ഇന്ത്യൻ സൈന്യത്തിൽ വനിതകൾക്ക് സുപ്രധാന സ്ഥാനങ്ങളിലേക്ക് ചുമതലകൾ നൽകുന്നത്. 2022 ഡിസംബറിൽ ഇന്ത്യൻ ആർമിയുടെ മിലിട്ടറി പോലീസ് കോർപ്സിൽ ചേർന്ന പ്രീതി രജക് നിരവധി മത്സരങ്ങളിൽ മെഡൽ നേടിയിട്ടുള്ള ഷൂട്ടിംഗ് താരമാണ്. സൈന്യത്തിന് ആദ്യമായി ഒരു വനിതാ സുബേദാറിനെ ലഭിക്കുന്നതിൽ രാജ്യത്തെ സ്ത്രീകൾക്കൊപ്പം മുഴുവൻ സൈന്യവും അഭിമാനിക്കുന്നതായി ഇന്ത്യൻ സൈന്യം ഔദ്യോഗികമായി പ്രസ്താവിച്ചു.
ഇന്ത്യൻ സൈന്യത്തിലെ ആദ്യ വനിത ഹവിൽദാർ എന്ന നേട്ടവും പ്രീതി രജക് തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.
ചൈനയിലെ ഹാങ്ഷൗവിൽ നടന്ന പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് ഷൂട്ടിംഗ് വനിതാ വിഭാഗത്തിൽ പ്രീതി വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. പ്രീതിയുടെ ഈ അസാധാരണ പ്രകടനം കണക്കിലെടുത്ത് അവരുടെ കഴിവിനുള്ള അംഗീകാരമായാണ് സുബേദാർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതെന്ന് സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഭാവി തലമുറയിലെ യുവതികൾക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ പ്രീതിയെ പോലെയുള്ള വ്യക്തിത്വങ്ങൾ പ്രചോദനമാകുമെന്നും സൈന്യം അറിയിച്ചു.