മക്കൾ ഉപേക്ഷിച്ചവരാണ്, കൊല്ലത്തെ കലോത്സവ മൈതാനത്ത് എത്തിയത് ഒരു കാര്യം പറയാൻ; 'മക്കളേ ആരും ഉപേക്ഷിക്കരുത്'

 


കൊല്ലം: 'മാതാവും പിതാവും ഗുരുവും കാണപ്പെട്ട ദൈവങ്ങളാണ്, അവരെ ആരും ഉപേക്ഷിക്കരുത്'എന്ന സന്ദേശവുമായി പത്തനാപുരം ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിലെ 20 അമ്മമാര്‍ ഇന്ന് വൈകിട്ട് 3.30 ന് ആശ്രാമം മൈതാനിയിലെ കലോത്സവ നഗറിലെത്തി. വിദ്യാഭ്യാസപരമായും കലാപരമായുമൊക്കെ ഏതു നിലകളിലെത്തിയാലും വന്ന വഴികള്‍ മറക്കരുതെന്നും വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോടും ഗുരുക്കന്മാരോടുമുള്ള കടമകള്‍ നിറവേറ്റണമെന്നും വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് മക്കളുപേക്ഷിച്ച അമ്മമാര്‍ കലോത്സവത്തിനെത്തിയത്. മാതാ പിതാ ഗുരു ദൈവം, മാതാപിതാക്കളെ സ്‌നേഹിക്കുക ആദരിക്കുക സംരക്ഷിക്കുക, നിങ്ങള്‍ മാതാപിതാക്കളോട് കരുണയുള്ളവരാകുവിന്‍ എങ്കില്‍ ദൈവം നിങ്ങളോടും കരുണ കാട്ടും, ഏതു നിലയിലെത്തിയാലും നിങ്ങള്‍ അച്ഛനമ്മമാരെ കൈവിടരുതേ മക്കളേ തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് അമ്മമാര്‍ എത്തിയത്. കൊല്ലത്തും മറ്റും നടക്കുന്ന വലിയ ആഘോഷങ്ങൾ കാണിക്കാൻ പലപ്പോഴും അച്ഛനമ്മമാരെയും കുഞ്ഞുങ്ങളെയും കൊണ്ടുപോകാറുണ്ട്. കൊല്ലത്തെ കലോത്സവ വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞ അമ്മമാർ കലോത്സവം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് അവരെ കൊണ്ടുവന്നത്. കലാകാരിയായ അന്തേവാസി പ്രഭാവതിഅമ്മയാണ് കുട്ടികൾക്ക് നന്മയുടെ സന്ദേശം പകരുക കൂടി വേണമെന്ന ആശയം പറഞ്ഞത്.

മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയന്‍ ദര്‍ശനം ജീവിതസന്ദേശമാക്കണം, സകല ജീവജാലങ്ങളെയും സ്‌നേഹിക്കണം എന്നീ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിസമൂഹത്തിനു പകര്‍ന്നുനല്‍കുന്നതിനായി ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌നേഹപ്രയാണം ആയിരം ദിനങ്ങൾ പദ്ധതിയില്‍ ഓരോ ദിവസവും വിവിധ വിദ്യാലയങ്ങളില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും അവര്‍ നന്മയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മടങ്ങുകയും ചെയ്യുന്നു. ഒരു ദിനം പോലും മുടങ്ങാതെ 563 ദിവസം പിന്നിട്ട ഈ പദ്ധതിയില്‍ ഇതിനോടകം ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഒരു ദിനം പോലും മുടങ്ങാതെ ഈ സംഗമം ആയിരം ദിവസം പൂർത്തിയാക്കുമ്പോൾ ഒരു ലക്ഷം വിദ്യാർത്ഥികൾ ഗാന്ധിഭവനിലെത്തി നന്മയുടെ സന്ദേശവാഹകരായി മടങ്ങുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു.

أحدث أقدم