ക്ഷേത്ര ശില്‍പികളുടെ കുടുംബത്തിലെ അം​ഗം; രാമക്ഷേത്ര നിര്‍മാണത്തിന്റെ മുഖ്യ ആർകിടെക്ചർ ചന്ദ്രകാന്ത് സോംപുരയെ അറിയാം



ലക്‌നൗ: വിപുലമായ ആഘോഷങ്ങളോടെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാദിനത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പടെ നിരവധി പ്രമുഖരാണ് പങ്കെടുക്കുക. ഈ സമയത്ത് ചര്‍ച്ചയാകുന്ന മറ്റൊരു പേരാണ് ചന്ദ്രകാന്ത് സോംപുര. അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യ ശില്‍പ്പിയാണ് അദ്ദേഹം.

ആരാണ് ചന്ദ്രകാന്ത് സോംപുര?

ക്ഷേത്ര ശില്‍പ്പികളുടെ കുടുംബത്തില്‍പ്പെട്ടയാളാണ് ചന്ദ്രകാന്ത് സോംപുര. രാജ്യത്തെ വിവിധയിടങ്ങളില്‍ 200ലധികം ക്ഷേത്ര നിര്‍മിതികളാണ് ഇദ്ദേഹത്തിന്റെ പൂര്‍വ്വികരുടെ നേതൃത്വത്തില്‍ പണികഴിച്ചിരിക്കുന്നത്. ഈ ശില്‍പ കുടുംബത്തിലെ 15-ാം തലമുറയില്‍പ്പെട്ടയാളാണ് ചന്ദ്രകാന്ത്. ക്ഷേത്ര രൂപകല്‍പന മുഖ്യതൊഴിലായി സ്വീകരിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മുത്തശ്ശനായ പിഒ സോംപുരയാണ് ഗുജറാത്തിലെ നവീകരിച്ച സോമനാഥ് മന്ദിര്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. 1949ലായിരുന്നു ഇത്. നിരവധി ക്ഷേത്രങ്ങളാണ് സോംപുര കുടുംബം രൂപകല്‍പ്പന ചെയ്തത്. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്ര സമുച്ചയം, മുംബൈയിലെ സ്വാമിനാരായണ മന്ദിര്‍, കൊല്‍ക്കത്തയിലെ ബിര്‍ള മന്ദിര്‍ എന്നിവയുടെയെല്ലാം നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുടുംബമാണിത്.

മുന്‍ വിശ്വ ഹിന്ദു പരിഷത്ത് മേധാവി അശോക് സിംഗാള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് ഒരിക്കല്‍ സോംപുര ഔട്ട്‌ലുക്ക് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അശോക് സിംഗാളിനോടൊപ്പം അയോധ്യ സന്ദര്‍ശിച്ച അന്ന് മുതലാണ് അയോധ്യ രാമക്ഷേത്രത്തിന്റെ രൂപകല്‍പനയുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 32 വര്‍ഷം മുമ്പാണിതെന്നും അദ്ദേഹം പറഞ്ഞു.  ക്ഷേത്രം പണിയുന്നതിനെപ്പറ്റി ഞങ്ങള്‍ വിശദമായി സംസാരിച്ചിരുന്നു. ഭൂപ്രദേശത്തെ കൂടുതല്‍ അറിയാനായി ഞങ്ങള്‍ അയോധ്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഒരു ഭക്തന്റെ വേഷം ധരിച്ച് കാല്‍പാദം കൊണ്ട് പ്രദേശത്തിന്റെ ഏകദേശ അളവെടുത്തു. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്,’’ ചന്ദ്രകാന്ത് സോംപുര പറഞ്ഞു.

പിന്നീട് ചന്ദ്രകാന്തും മക്കളായ നിഖില്‍, ആശിഷ് എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രത്തിന്റെ രൂപകല്‍പ്പന കുറച്ച് കൂടി നവീകരിക്കുകയായിരുന്നു.

ജനുവരി 22 ഉച്ചയ്ക്ക് 12.20നാണ് ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാച്ചടങ്ങ്. അന്നേ ദിവസം രാജ്യത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് വാരണാസിയില്‍ നിന്നുള്ള വേദപണ്ഡിതനായ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് എന്നാണ് റിപ്പോര്‍ട്ട്. പ്രതിഷ്ഠാദിനത്തിലെ പൂജാരിമാരുടെ സംഘത്തെ ഇദ്ദേഹമായിരിക്കും നയിക്കുക.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 121 വേദപണ്ഡിതന്‍മാരടങ്ങിയ സംഘത്തെയാകും 86കാരനായ ലക്ഷ്മികാന്ത് നയിക്കുക. ജനുവരി 16 മുതല്‍ 22 വരെ നീണ്ടുനില്‍ക്കുന്ന ക്ഷേത്ര ചടങ്ങുകള്‍ക്കായിരിക്കും ഇദ്ദേഹം നേതൃത്വം നല്‍കുക.

’’ സന്യാസിമാരുടെയും മറ്റും അനുഗ്രഹത്തിന്റെ ഫലമായാണ് രാംലല്ല പ്രതിഷ്ഠയുടെ മേല്‍നോട്ടത്തിന്റെ ചുമതല എനിക്ക് ലഭിച്ചത്. ശ്രീരാമന്റെ അനുഗ്രഹത്തോടെ ഞാന്‍ എന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കും,’’ ലക്ഷ്മികാന്ത് പറഞ്ഞു. ക്ഷേത്ര ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ഒരു ലക്ഷം പേര്‍ അയോധ്യയില്‍ എത്തുമെന്നാണ് കരുതുന്നത്. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 7000 അതിഥികളെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരിക്കുന്നത്.

أحدث أقدم