പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കും; സുരക്ഷാ പരിശോധന നടന്നു



 ഈ മാസം പതിനേഴാം തീയതി ഗുരുവായൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം ആയിരിക്കും പ്രധാനമന്ത്രി തൃപ്രയാറിലേക്ക് പോവുക. ഹെലികോപ്റ്ററില്‍ ഗുരുവായൂരില്‍ നിന്ന് വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങുന്ന മോദി റോഡ് മാര്‍ഗ്ഗമാകും ക്ഷേത്രത്തില്‍ പോവുക. ഇതിന്റെ ഭാഗമായി എസ്പിജിയും പൊലീസും, ജില്ലാ കളക്ടറും അടങ്ങുന്ന സംഘം തൃപ്രയാറില്‍ എത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സന്ദര്‍ശനത്തില്‍ തൃപ്രയാര്‍ കൂടി ഉള്‍പ്പെടുത്തിയത്. ഗുരുവായൂരിലും എസ്പിജി സംഘവും, ജില്ലാ കളക്ടറും, പോലീസും, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗം ചേര്‍ന്നു. നേരത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് 6 മണി മുതല്‍ 9 മണി വരെയുള്ള വിവാഹങ്ങളുടെ സമയം മാറ്റിയിരുന്നു.16-ാം തിയതിയാകും മോദി കേരളത്തിലെത്തുക. അന്ന് രാത്രി കൊച്ചിയില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. വില്ലിങ്ടണ്‍ ഐലന്റിലെ താജ് ഹോട്ടലിലാകും അന്ന് പ്രധാനമന്ത്രി താമസിക്കുക. 17-ാം തിയതി രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കും.

أحدث أقدم