കേരളീയം ധൂർത്തല്ല; ഇതുവരെ ഇങ്ങനെ ഒരു പരിപാടി നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം ചിന്തിക്കുന്നതെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കേരളീയം ഒരു തരത്തിലും ധൂർത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമാണ്. കലാരംഗം കേരളീയത്തെ പിന്താങ്ങി. ഇതുവരെ ഇങ്ങനെ ഒരു പരിപാടി നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന് മുന്നോട്ട് പോകാനുള്ള ഭാഗമായിരുന്നു കേരളീയം പരിപാടി. കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും തന്മയത്തോടെ അവതരിപ്പിക്കുന്നതായിരുന്നു കേരളീയം. വിദേശികളുൾപ്പെടെ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയിരക്കണക്കിന് കലാകാരന്മാരാണ് കേരളീയത്തിൽ പങ്കെടുത്തത്. നമ്മൾ പുരോഗതിയുടെ പാതയിലാണ്. വിദ്യഭ്യാസ രംഗത്ത് വലിയ പുരോഗതി കൈവരിച്ചു. നമ്മുടെ നാട് മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ക്ഷേമപെൻഷനോ ശമ്പളത്തിനോ പോലും പണമില്ലെന്ന് പറയുന്ന സമയത്തും പത്ത് കോടി രൂപയാണ് കഴിഞ്ഞ ദിവസം വീണ്ടും കേരളീയത്തിനായി ധനവകുപ്പ് അനുവദിച്ചത്. നേരത്തെ 27 കോടിയാണ് അനുവദിച്ചിരുന്നത്. ബാക്കി തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തിയെന്ന് പറയുമ്പോഴും ഇപ്പോഴും ഈ സ്‌പോൺസർമാർ ആരെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

 കേരളീയം ധൂർത്തെന്ന പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് വീണ്ടും തുക അനുവദിച്ചിരിക്കുന്നത്.
പണമില്ലാ പ്രതിസന്ധിയും ട്രഷറി നിയന്ത്രണവുമെല്ലാം മാറ്റി നിർത്തിയാണ് കേരളീയത്തിന് സർക്കാർ ഭീമമായ തുക അനുവദിക്കുന്നത്. 

ഈ 27 കോടി 12 ലക്ഷത്തിൽ പ്രദർശനത്തിന് വേണ്ടി മാത്രം അനുവദിച്ചത് 9.39 കോടിയാണ്. ദീപാലങ്കാരത്തിനായി 2 കോടി 97 ലക്ഷം രൂപയും പബ്ലിസിറ്റിക്ക് 3 കോടി 98 ലക്ഷം രൂപയും സാംസ്‌കാരിക പരിപാടികളുടെ സംഘാടനത്തിന് 3 കോടി 14 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
أحدث أقدم