പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ നഷ്ടപ്പെട്ട ബാഗ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് തിരികെ ലഭിച്ചു. തെലുങ്കാനയില്‍ നിന്നും എത്തിയ 40 അംഗ സംഘത്തിലെ രാഹുല്‍ എന്ന അയ്യപ്പ ഭക്തന്റെ ബാഗ് ആണ് ഉദ്യോസ്ഥരുടെ ഇടപെടലിലൂടെ തിരികെ ലഭിച്ചത്. ഭക്തര്‍ ബാഗ് അന്വേഷിക്കുന്നതിനിടയിലാണ് മോട്ടോര്‍ വാഹന വകുപ്പിലെ സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. എരുമേലി സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോറിക്ഷകളിലാണ് എത്തിയതെന്ന് ഇവര്‍ പറഞ്ഞതോടെ ഓട്ടോകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാഗ് കണ്ടെത്തിയത്. എരുമേലി സേഫ് സോണ്‍ ഓഫീസില്‍ വച്ച് ബാഗ് ഏറ്റുവാങ്ങിയ ഭക്തര്‍ എംവിഡി ഉദ്യോസ്ഥര്‍ക്ക് നന്ദി പറഞ്ഞ ശേഷമാണ് ദര്‍ശനത്തിനായി യാത്ര തിരിച്ചത്.
സംഭവത്തെ കുറിച്ച് എംവിഡി പറഞ്ഞത്: എരുമേലിയില്‍ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടപ്പോള്‍ തെലുങ്കാനയില്‍ നിന്നെത്തിയ ഒരു സംഘം അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിലെ റോഡ് സേഫ് സോണ്‍ ആ സങ്കടം മാറ്റി സന്തോഷം നിറച്ചത് കര്‍മ നിരതരായ ഉദ്യോഗസ്ഥരുടെ മിടുക്കില്‍.ശനിയാഴ്ച്ച ശബരിമല കാനനപാതയിലെ കാളകെട്ടിയില്‍ വെച്ചാണ് തെലുങ്കാനയില്‍ നിന്നും എത്തിയ 40 അംഗ സംഘത്തിലെ രാഹുല്‍ എന്ന അയ്യപ്പ ഭക്തന്റെ ബാഗ് കാണാതായത്. പണവും രേഖകളും അടക്കം വിലപിടിപ്പുള്ളതൊക്കെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തോടെ പ്രദേശമാകെ ഇവര്‍ തിരയുന്നത് കണ്ടാണ് നാട്ടുകാര്‍ അറിയുന്നത്. അലിവോടെ നാട്ടുകാരും തിരഞ്ഞു. ഈ സമയത്താണ് പട്രോളിംഗ് ഡ്യൂട്ടിയില്‍ മോട്ടോര്‍ വാഹന വകുപ്പിലെ സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ അതുവഴി എത്തിയത്. വിവരം അറിഞ്ഞ ഇവര്‍ സ്വാമിമാര്‍ യാത്ര ചെയ്ത് എത്തിയത് എങ്ങനെ എന്ന് ചോദിച്ചറിഞ്ഞു. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോറിക്ഷകളിലാണ് എത്തിയതെന്ന് ഇവര്‍ പറഞ്ഞതോടെ ഈ ഓട്ടോറിക്ഷകളില്‍ അന്വേഷണം നടത്താന്‍ സേഫ് സോണ്‍ ഉദ്യോഗസ്ഥര്‍ എരുമേലിയിലെ സേഫ് സോണ്‍ ഓഫീസിലേക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എരുമേലി ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളില്‍ മറന്നുവെച്ച നിലയില്‍ ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗ് ഉണ്ടായിരുന്ന വിവരം ഓട്ടോ ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍മാരായ നജീബ്, ജയപ്രകാശ്, സെബാസ്റ്റ്യന്‍, വകുപ്പിലെ ഡ്രൈവര്‍മാരായ റെജി എ സലാം, അജേഷ് എന്നിവരാണ് ബാഗ് കണ്ടെത്തി നല്‍കുന്നതില്‍ ഭക്തര്‍ക്ക് തുണയായത്. എരുമേലി സേഫ് സോണ്‍ ഓഫീസില്‍ വെച്ച് സ്വാമിമാര്‍ ബാഗ് ഏറ്റുവാങ്ങി. ബാഗില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ശബരിമല യാത്രയില്‍ ഭഗവാന്റെ അനുഗ്രഹം പോലെ കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ തങ്ങളെ സഹായിച്ചതില്‍ മറക്കാന്‍ കഴിയാത്ത സ്‌നേഹവും നന്ദിയും ഉണ്ടെന്ന് ഭക്തര്‍ പറഞ്ഞു. ശരണം വിളിച്ച് സ്തുതി ചൊല്ലി നന്ദി പറഞ്ഞ സംഘം ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ചു.