മകര വിളക്ക് മഹോത്സവം ഇന്ന്



സന്നിധാനം : ശബരിമലയിൽ ഇന്ന് മകര വിളക്ക് മഹോത്സവം. ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രാവഹമാണ്.

 രണ്ട് ലക്ഷത്തോളം പേരാകും മകരവിളക്ക് ദർശിക്കാനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുകയെന്നാണ് വിലയിരുത്തൽ. പുലർച്ചെ 2.46നായിരുന്നു മകരസംക്രമം. കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻ വശം കൊടുത്തുവിടുന്ന അയ്യപ്പ മുദ്രയിലെ നെയ്യ് അഭിഷേകം ചെയ്തു. മകരസംക്രമ സന്ധ്യയിൽ അയ്യന് ചാർത്താനുള്ള പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകുന്നേരം 5.30ഓടെ ശരംകുത്തിയിലെത്തും. ശ്രീകോവിൽ പൂജിച്ച മാലകൾ ചാർത്തി ദേവസ്വം പ്രതിനിധികൾ എത്തി തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും.

തുടർന്ന് ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന തിരുവാഭരണം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന് സ്വീകരിക്കും. വൈകുന്നേരം 6.30-ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. ഒപ്പം പൊന്നമ്പലമേട്ടിൽ തെളിയുന്ന ജ്യോതിയും കണ്ട് ഭക്തലക്ഷങ്ങൾ മലയിറങ്ങും. പത്ത് പോയിന്റുകളിൽ മകരജ്യോതി ദർശിക്കാം.
أحدث أقدم