മാസപ്പടി വിവാദത്തിലെ പി.വി. എന്നത് പിണറായി വിജയന്‍ തന്നെ : ഷോണ്‍ ജോര്‍ജ്

 

കോട്ടയം: മാസപ്പടി വിവാദത്തില്‍ ഇന്റെറിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിലെ പി.വി.യെന്നത് പിണറായി വിജയന്‍ തന്നെയാണെന്ന് കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, ജില്ലാ പഞ്ചായത്ത് മെംബറുമായ അഡ്വ. ഷോണ്‍ ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോര്‍പ്പറേറ്റ് അഫേഴ്‌സ് മന്ത്രാലയത്തിനും, സിഎംആര്‍എല്‍, കെഎസ്‌ഐഡിസിക്കും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സ്ട്രാലോജിക്ക് കമ്പനിക്കും എതിരെ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള കോര്‍പ്പറേറ്റ് അഫേഴ്‌സ് മന്ത്രാലയത്തിന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. ഇന്റെറിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം ആവശ്യപ്പെട്ട് കോര്‍പ്പറേറ്റ് അഫേഴ്‌സ് മന്ത്രാലയത്തിനും, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നതായും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം വരുമെന്ന് മുന്‍കൂട്ടി കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അന്വേഷണ ഉത്തരവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ദിവസം രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു മാധ്യമ ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യം. വെറും മാസപ്പടി വിവാദത്തില്‍ ഒതുങ്ങുന്നതല്ല എക്‌സാലോജിക്കും, സിഎംആര്‍എല്‍ മായുള്ള ബന്ധം. സംസ്ഥാനത്തിന്റെ തീരദേശങ്ങളെ വില്‍പ്പന ചരക്കുകളാക്കി മാറ്റി മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് അടക്കം പങ്കാളിത്തമുള്ള കമ്പനിയുമായി 40,000 കോടി രൂപയിലധികം വരുന്ന ഇടപാടുകളാണിത്. കണ്‍സള്‍ട്ടന്‍സി സേവനത്തിനായി 1.72 കോടി രൂപ പുറമെ നല്കി എന്നത് മാത്രമാണ്. 
എക്‌സാലോജിക്കുമായുള്ള കേസില്‍ പരാതി നല്‍കിയ പലരും ആത്മഹത്യ ചെയ്തതായി കേട്ടു. പക്ഷെ താന്‍ എന്തായാലും ആത്മഹത്യ ചെയ്യില്ല. ഇനി തനിക്ക് ജീവഹാനി വന്നാലും ഈ കേസുമായി മുന്നോട്ട് പോകാന്‍ അഞ്ചുപേരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് താന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സാലോജികിനും സിഎംആര്‍എല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
أحدث أقدم