ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച് കാട്ടുകൊമ്പന്‍ പടയപ്പ. പെരിയവാര പുതുക്കാട് ഡിവിഷനിലാണ് കഴിഞ്ഞ കുറച്ച് ദിവസമായി പടയപ്പയുള്ളത്. പ്രദേശത്തെ കൃഷി നശുപ്പിച്ചതോടെ നാട്ടുകാര്‍ വനംവകുപ്പിനെ സമീപിച്ചു.
മൂന്നാർ പെരിയവര എസ്റ്റേറ്റില്‍ റേഷന്‍ കട തകര്‍ത്ത് അരി ഭക്ഷിച്ച ശേഷം രണ്ടാഴ്ച്ച മുമ്പാണ് കാട്ടിലേക്ക് മടങ്ങിയത്. നാല് ദിവസം മുമ്പാണ് വീണ്ടും തിരിച്ചെത്തി. അന്ന് മുതല്‍ പുതുക്കാട് ഡിവിഷനിലെ ജനവാസമേഖലയിലും തോട്ടത്തിലുമാണ് കാട്ടുകൊമ്പനുള്ളത്. ആദ്യ ദിവസങ്ങളിലൊന്നും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയില്ലെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. പ്രദേശത്തെ തൊഴിലാളികള്‍ കൃഷി ചെയ്ത വാഴ പൂര്‍ണ്ണമായും നശുപ്പിച്ചു. പകല്‍ സമയത്ത് പോലും ജനവാസ മേഖലയിലിറങ്ങുന്നതിനാല്‍ ആളുകളിപ്പോള്‍ ഭീതിയിലാണ്. ആനയെ വേഗത്തില്‍ കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം വനപാലകര്‍ പടയപ്പയെ നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ജനവാസമേഖലയ്ക്ക് അകലെ തേയില തോട്ടത്തിലാണ് ആന ഉള്ളതെന്നുമാണ് വനംവകുപ്പിന്‍റെ വിശദീകരണം.