ഇസ്ലാമാബാദ്: ഇറാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ. അർദ്ധരാത്രിയോടെയായിരുന്നു ഇറാനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ വ്യോമാക്രമണം നടത്തിയത്. സംഭവത്തിൽ ആളപായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇന്നലെ ബലൂചിസ്ഥാനിൽ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു ആക്രമണം എന്നാണ് പാകിസ്താന്റെ വാദം. ഇറാൻ ബലൂചിസ്ഥാനിൽ നടത്തിയ ആക്രമണത്തെ പാകിസ്താൻ ശക്തമായി അപലപിച്ചിരുന്നു.
പാകിസ്താനിൽ പ്രവർത്തിക്കുന്ന ജയ്ഷ് അൽ അദ്‌ലിന്റെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. നേരത്തെ സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ശക്തമായ തിരിച്ചടി ഇറാൻ നേരിടേണ്ടിവരുമെന്ന പ്രസ്താവനയുമായി പാകിസ്താൻ രംഗത്ത് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ പാകിസ്താനും ലക്ഷ്യമിട്ടത്.
ഇറാന്റെ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ അംബാസിഡറെ പുറത്താക്കുകയും രാജ്യത്തേക്ക് തിരികെ വരുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. വ്യോമാക്രമണങ്ങൾ ഇറാൻ- പാകിസ്താൻ ബന്ധത്തിൽ വലിയ വിള്ളലാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.