ചെന്നൈ: സുകുമാരക്കുറുപ്പ് മോഡൽ കേസ് തമിഴ്നാട്ടിലും. ഒരു കോടി രൂപയുടെ ഇൻഷുറൻസ് സ്വന്തമാക്കാൻ രൂപ സാദൃശ്യമുള്ള സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. അയനാവരം സ്വദേശിയും ഫിസിക്കൽ ട്രെയിനറുമായ സുരേഷ് ഹരികൃഷ്ണനാണ് അറ്സ്റ്റിലായത്. ദില്ലിബാബു (39) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് സഹായം നൽകിയ കീർത്തി രാജൻ (23), ഹരികൃഷ്ണൻ (32) എന്നിവരും പിടിയിലായി.ഒരു കോടി രൂപയുടെ ഇൻഷുറൻസ് സ്വന്തമാക്കാൻ സുരേഷ് ഹരികൃഷ്ണ സ്വന്തം മരണം വ്യാജമായി ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുരേഷിനെ സഹായിക്കാൻ സുഹൃത്തുക്കളുമുണ്ടായിരുന്നു. ശാരീരിക - രൂപ സാദൃശ്യവുമുള്ള യുവാവിനെ കണ്ടെത്താൻ മൂന്നുപേരും ശ്രമം ആരംഭിക്കുകയും ചെയ്തു.അന്വേഷണം തുടരുന്നതിനിടെ പത്തുവർഷം മുൻപ് പരിചയമുണ്ടായിരുന്ന അയനാവരം സ്വദേശിയായ ദില്ലിബാബുവിനെ കണ്ടെത്തി. തുടർന്ന് സുരേഷ് ദില്ലിബാബുമായും അമ്മയുമായും സൗഹൃദത്തിലാകുകയും പതിവായി വീട്ടിലെത്തി വീട്ടുകാരുമായി അടുപ്പമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ പതിമൂന്നിന് മദ്യപിക്കാൻ ദില്ലിബാബുവിനെ മൂവരും ചേർന്ന് പുതുച്ചേരിയിൽ എത്തിച്ചു.
ചെങ്കൽപേട്ടിനടത്തുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തെ ഷെഡിൽ എത്തിച്ചു. പ്രതികൾ മുൻകൂട്ടി തയ്യാറാക്കിയതായിരുന്നു ഷെഡ്. സംഭവദിവസമായ സെപ്റ്റംബർ പതിനഞ്ച് രാത്രി എല്ലാവരും ചേർന്ന് മദ്യപിച്ചു. മദ്യലഹരിയിലായിരുന്ന ദില്ലിബാബുവിനെ പുലർച്ചെ സുരേഷ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഉപയോഗിച്ച് കുടിലിന് തീയിട്ടു. തുടർന്ന് മൂന്നുപേരും സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സെപ്റ്റംബർ പതിനാറിന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതായുള്ള വിവരം പോലീസിന് ലഭിച്ചു. അന്വേഷണത്തിലാണ് സുരേഷാണ് മരിച്ചതെന്ന് കണ്ടെത്തി. സുരേഷിൻ്റെ സഹോദരി മരിയ ജയ്ശ്രീ മൃതദേഹം ഏറ്റുവാങ്ങുകയും സംസ്കാരം നടത്തുകയും ചെയ്തത്.
ഇതിനിടെ മകനെ കാണാതായതോടെ ദില്ലിബാബുവിൻ്റെ അമ്മ ലീലാവതി എന്നൂർ പോലീസിൽ പരാതി നൽകി. പോലീസിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായതോടെ അമ്മ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. കാണാതായ ദിവസം ദില്ലിബാബു സുരേഷിനൊപ്പം പുറത്തുപോയതായി കണ്ടെത്തി. പോലീസ് സുരേഷിൻ്റെ നാട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഇയാൾ മരിച്ചുവെന്ന വിവരമാണ് ലഭിച്ചത്. വിശദമായ അന്വേഷണത്തിൽ സെപ്റ്റംബറിൽ മരിച്ചത് ദില്ലിബാബുവാണെന്നും കൊലപാതകത്തിന് പിന്നിൽ സുരേഷാണെന്ന് പോലീസ് കണ്ടെത്തി. ദില്ലിബാബുവിൻ്റെ ജ്യേഷ്ഠൻ പളനിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് നിർണായക സൂചന ലഭിച്ചത്. സുരേഷ് വീട്ടിൽ പതിവായി എത്തിയിരുന്നതായും ഇരുവരും പുറത്ത് പോകുന്നത് പതിവായിരുന്നുവെന്നും ഇയാൾ പോലീസിനെ അറിയിച്ചു. ഈ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്.ഇരുവരുടെയും മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് കത്തിനശിച്ച കുടിലിനു സമീപം ഇവരുടെ ഫോൺ സിഗ്നലുകൾ സജീവമായിരുന്നുവെന്ന് കണ്ടെത്തി. സുരേഷിൻ്റെ സുഹൃത്തുക്കളെ കണ്ടെത്തിയപ്പോൾ സുരേഷിന് ജീവനോടെയുണ്ടെന്ന വിവരങ്ങൾ ലഭിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ സുരേഷും കീർത്തി രാജനും ദില്ലിബാബുവിന്റെ കൊലപാതകം സമ്മതിച്ചു. തുടർന്ന്
തിങ്കളാഴ്ച പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.