കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ് തനിക്കു നേരേ പ്രതിഷേധിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. എസ്.എഫ്.ഐ കരിങ്കൊടി കാണിച്ചതിനു പിന്നാലെ റോഡരികിലിരുന്നുള്ള പ്രതിഷേധം അവസാനിപ്പിച്ചതിനു ശേഷമാണ് മുഖ്യമന്ത്രിക്ക് നേരെ ഗവർണർ വിമർശനം ഉയർത്തിയത്. എസ്.എഫ്.ഐക്കാർ തന്റെ വാഹനത്തിൽ ഇടിച്ചതു കൊണ്ടാണ് പുറത്തിറങ്ങിയതെന്നും ഗവർണർ പറഞ്ഞു.
‘‘ദൂരത്തു നിന്നു കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്നമില്ലെന്ന് പറഞ്ഞതാണ്. പക്ഷേ കാറിൽ ഇടിച്ചാൽ പുറത്തിറങ്ങും. പൊലീസ് പറയുന്നതു പ്രകാരം 17 പേരാണ് പ്രതിഷേധിച്ചത്. എന്നാൽ പൊലീസുകാരുടെ എണ്ണം നോക്കൂ. മുഖ്യമന്ത്രി ഈ വഴി പോകുകയായിരുന്നെങ്കിൽ പൊലീസുകാർ കരിങ്കൊടി പിടിച്ചവരുടെ കൂടെ നിൽക്കുമോ? അവരെ കാറിൽ ഇടിക്കാൻ സമ്മതിക്കുമോ? പൊലീസുകാരെ കുറ്റം പറയുന്നില്ല. അവർക്ക് ഉന്നതതലത്തിൽ നിന്നു നിർദേശമുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ് നിയമലംഘനത്തിന് ചൂട്ടുപിടിക്കുന്നത്. നിയമലംഘകർക്ക് സംരക്ഷണം നൽകാൻ മുഖ്യമന്ത്രിയാണ് പൊലീസുകാർക്ക് നിർദേശം നൽകിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് എനിക്കു നേരേ പ്രതിഷേധിക്കുന്നതെന്നും ഗവർണർ പറഞ്ഞു.