ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ച് പുതിയ ഫെഡറൽ ഹൈവേ സ്ഥാപിക്കാൻ പദ്ധതിയുമായി യുഎഇ.


'ദുബായ് : ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ച് പുതിയ ഫെഡറൽ ഹൈവേ സ്ഥാപിക്കാൻ പദ്ധതിയുമായി യുഎഇ. ഓരോ എമിറേറ്റിലേക്ക് തിരിച്ചുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. മെച്ചപ്പെട്ട റോഡ് സംവിധാനങ്ങൾക്കും ഗതാഗത പരിഹാരത്തിനുമുള്ള പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. ഫെഡറൽ നാഷണൽ കൗൺസിലിൽ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി നടത്തിയ പ്രസംഗത്തിലാണ് വിവരം അറിയിച്ചത്.

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി പുതിയ റോഡ് നിർമ്മിക്കാൻ എഫ്എൻസി സമർപ്പിച്ച നിർദ്ദേശം മന്ത്രാലയം പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നിലവില്‍ വന്നാല്‍ ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്‌സ് റോഡുകള്‍ എന്നിവയുമായി പുതിയ ഫെഡറല്‍ പാത ബന്ധിപ്പിക്കും.

പുതിയ ഹൈവെ നിര്‍മ്മിക്കണോ അതോ നിലവിലുള്ള പാതകള്‍ വികസിപ്പിക്കണോ എന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും. ദുബായില്‍ നിന്നും വടക്കന്‍ എമിറേറ്റുകളിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കാന്‍ പുതിയ ഹൈവേയിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുബായിക്കും നോർത്തേൺ എമിറേറ്റ്‌സിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിന് യുഎഇ പുതിയ നടപടിക്രമങ്ങൾ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ ​ഗതാ​ഗത കുരുക്കിന്റെ കാരണം കണ്ടെത്തും. ശേഷം അത് പരിഹരിക്കുന്നതിനായി നിർമിതബുദ്ധിയുടെ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച റോഡുകളിൽ ആദ്യ 10 സ്ഥാനങ്ങളിൽ യുഎഇയിലെ റോഡുകൾ ഇടംപിടിച്ചിട്ടുണ്ട്.
أحدث أقدم