ചക്ക വേവിച്ച്‌ നല്‍കിയില്ല'; റാന്നിയില്‍ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച്‌ മകന്‍.. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി


'
പത്തനംതിട്ട:  റാന്നിയില്‍ മദ്യലഹരിയില്‍ യുവാവ് അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ചതായി പരാതി. പരിക്കേറ്റ തട്ടയ്ക്കാട് സ്വദേശി സരോജിനിയെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരോജിനിയുടെ മകന്‍ വിജേഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിജേഷ് ബന്ധുവീട്ടില്‍ നിന്ന് ചക്കയുമായാണ് വീട്ടില്‍ എത്തിയത്. ഉടന്‍ തന്നെ ചക്ക വേവിച്ച്‌ തരണമെന്ന് വിജേഷ് ആവശ്യപ്പെട്ടു. പുറത്ത് പുല്ല് വെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സരോജിനി ഇപ്പോള്‍ ചക്ക വെട്ടാന്‍ കഴിയില്ലെന്ന് പറഞ്ഞു.

ദേഷ്യത്തില്‍ പുറത്തുപോയി വീണ്ടും മദ്യപിച്ചെത്തിയ വിജേഷ് 65കാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്ന ആഞ്ഞിലി മരത്തിന്റെ കമ്പ് എടുത്ത് സരോജിനിയുടെ ഇരു കൈകളും തല്ലിയൊടിക്കുകയായിരുന്നു. കൂടാതെ തലയ്ക്കും നടുവിനും പരിക്കുണ്ട്. സരോജിനിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥിരമായി മദ്യപിച്ചെത്തി വിജേഷ് പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
  

أحدث أقدم