കോട്ടയം : ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. ഐതിഹ്യപ്പെരുമയില്‍ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ ഇന്ന് എരുമേലിയില്‍ പേട്ട തുള്ളും. ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചു കൊണ്ടുള്ളതാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍.
ഉച്ചയോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലാണ് ആദ്യം നടക്കുക. അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്ന് സംഘം പുറപ്പെടുന്നത്.
വാദ്യമേളങ്ങള്‍ക്കൊപ്പം പേട്ട തുള്ളിയെത്തുന്ന സംഘത്തെ വാവരു പള്ളിയില്‍ ജമാ അത്ത് ഭാരവാഹികള്‍ വരവേല്‍ക്കും. ആകാശത്ത് പൊന്‍നക്ഷത്രം തിളങ്ങുന്നതോടെ രണ്ടാമത്തെ സംഘമായ ആലങ്ങാട് പേട്ട സംഘം കൊച്ചമ്പലത്തില്‍ നിന്നും പേട്ട തുള്ളല്‍ ആരംഭിക്കും.
എരുമേലി പേട്ടതുള്ളൽ കണക്കിലെടുത്ത് ഇന്ന് കാഞ്ഞിരപ്പള്ളി താലൂക്കിൽ പ്രാദേശിക അവധി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.