ന്യൂഡൽഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും.
നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക.
സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കില്ല. കൈയടി നേടാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം ഇന്നലെ രാവിലെ നടന്നു. ബജറ്റ് സമ്മേളനത്തിന്റെ സുഖമമായ നടത്തിപ്പ്, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി.
പാര്‍ലമെന്റിന്റെ കഴിഞ്ഞ ശൈത്യകാല സമ്മേളനം സാക്ഷ്യം വഹിച്ചത് വലിയ പ്രതിപക്ഷ പ്രതിഷേധത്തിനാണ്. 146 പ്രതിപക്ഷ എംപിമാരെയാണ് അന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇവരുടെ സസ്പെൻഷൻ പിൻവലിച്ചിട്ടുള്ളതായി സർക്കാർ സർവകക്ഷി യോഗത്തിൽ അറിയിക്കുകയുണ്ടായി.
ടിഎംസി എം പി മഹുവ മൊയ്ത്രയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയതും കഴിഞ്ഞ സമ്മേളന കാലയളവിലാണ്.
10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍, കാര്‍ഷിക മേഖല എന്നിവയ്ക്കും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.