കൊച്ചി: തൃപ്പൂണിത്തുറയിൽ നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഇന്ന് വൈകിട്ട് ഇരുമ്പനത്തുള്ള വാലി ഹൈറ്റ്സ് എന്ന അപ്പാർട്ട്മെന്റിൽ ആണ് സംഭവം. അപ്പാർട്ട്മെന്റിൽ എത്തിയ നാലംഗ സംഘം സുരക്ഷാ ജീവനക്കാരനോട് ഇവിടെ താമസിക്കുന്ന രാമകൃഷ്ണനെ കുറിച്ച് അന്വേഷിക്കുകയും വിളിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇദ്ദേഹം താഴെയെത്തിയതോടെ വാക്കുതർക്കത്തിലേർപ്പെട്ട സംഘം തങ്ങൾ സിബിഐ അംഗങ്ങളാണെന്ന് പറയുകയുമായിരുന്നു.സംശയം തോന്നിയ രാമകൃഷ്‌ണൻ ഇവരെത്തിയ വാഹനത്തിൻ്റെ താക്കോൽ പിടിച്ചുവാങ്ങിയപ്പോഴാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സമീപത്തുണ്ടായിരുന്നവരെയും സംഘം ഭീഷണിപ്പെടുത്തി.സംഭവത്തിൽ രാമകൃഷ്‌ണൻ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച പൊലീസ് സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വ്യക്തമാക്കി.