സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കല്ല, സാധാരണക്കാര്‍ക്ക് വേണ്ടി'; ഇഡി അന്വേഷണം നീളുന്നതിനെതിരെ ഹൈക്കോടതി



കൊച്ചി : കരുവന്നൂര്‍ കേസില്‍ ഇ ഡി അന്വേഷണം നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതി. ഇ ഡി അന്വേഷണം അനിശ്ചിതമായി തുടരാന്‍ അനുവദിക്കില്ല. സഹകരണ സംഘങ്ങള്‍ കോടീശ്വരന്‍മാര്‍ക്കുള്ളതല്ല. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. സഹകരണസംഘങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും ഹൈക്കോടതി പറഞ്ഞു. കരുവന്നൂര്‍ കേസിലെ പതിനഞ്ചാം പ്രതി അലി സാബ്‌റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍.

പാവപ്പെട്ട ജനങ്ങള്‍ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ ഈ പണം നഷ്ടമാകുന്നു. ഇത് ഇത്തരം സംഘങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു. സഹകരണ സംഘങ്ങളില്‍ ഇതാണ് നിലവില്‍ സംഭവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 

അലി സാബ്‌റിയുടെ സ്വത്ത് കണ്ടുകെട്ടുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്ത ഇഡി നടപടി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി. അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെയും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരാമര്‍ശം നടത്തി. ഇനിയും എത്രനാള്‍ അന്വേഷണം തുടരുമെന്ന് കോടതി ഇഡിയോട് ചോദിച്ചു. ഇഡിയുടെ അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുന്നത് സഹകരണ സംഘങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
أحدث أقدم