ഇടുക്കി: ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വിജിലൻസ് മാത്യു കുഴൽനാടന്റെ മൊഴി രേഖപ്പെടുത്തി. തൊടുപുഴ മുട്ടത്തുള്ള ഓഫീസിലാണ് മൊഴിയെടുത്തത്. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും അധികാരം കൊണ്ട് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നേരിടുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
തിരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലും പ്രമാണത്തിലും നൽകിയിരിക്കുന്ന തുകയിലെ വ്യത്യാസം സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് ചോദിച്ചറിഞ്ഞു. ഒപ്പം ഏഴ് കോടി രൂപയോളം വരുന്ന റിസോർട്ടിന്റെ വിലമതിപ്പ് രേഖകളിൽ ഒരു കോടി 90 ലക്ഷം രൂപ മാത്രമാണ്. ഇതെങ്ങനെ സംഭവിച്ചുവെന്നും വിജിലൻസ് ചോദ്യം ചെയ്തു. ഏതെങ്കിലും രീതിയിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരങ്ങളും വിജിലൻസ് തേടി.
പൊതുവായ ചോദ്യങ്ങൾ മാത്രമാണ് വിജിലൻസ് ചോദിച്ചതെന്നും എല്ലാത്തിനും കൃത്യമായ മറുപടി നൽകിയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. തെളിവുകളൊന്നും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടില്ല. വിജിലൻസ് ആവശ്യപ്പെട്ടാൽ കൃത്യമായ തെളിവുകൾ ഹാജരാക്കും. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും കുഴൽനാടൻ പറഞ്ഞു.