'ശക്തികേന്ദ്ര'പ്രമുഖരുടെ സമ്മേളനത്തിലേക്ക് മോദി; രാജ്യത്തെ ആദ്യ യോഗം കേരളത്തിൽ



കൊച്ചി: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കേരളത്തിൽ വിളിച്ചുകൂട്ടുന്ന ആദ്യയോഗം കൊച്ചിയിൽ നടക്കും. ജനുവരി 17നാണ് മോദി ശക്തികേന്ദ്ര പ്രമുഖരുടെ യോഗം വിളിക്കുന്നത്. രണ്ടോ മൂന്നോ ബൂത്തുകൾ ചേര്‍ന്ന് രൂപീകരിക്കുന്ന സമിതിയാണ് ശക്തികേന്ദ്ര സമിതി. ഇവിടുത്തെ കോഓർഡിനേറ്റര്‍മാരെ 'ശക്തികേന്ദ്ര പ്രമുഖർ' എന്ന് വിളിക്കുന്നു. രാജ്യത്തു തന്നെ ഇതാദ്യമായാണ് ശക്തികേന്ദ്ര പ്രമുഖരുടെ യോഗം വിളിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.ജനുവരി 16 വൈകീട്ടാണ് പ്രധാനമന്ത്രി എത്തിച്ചേരുക.


കേരളത്തില്‍ ഏഴായിരത്തോളം ശക്തികേന്ദ്ര പ്രമുഖരാണ് ഉള്ളത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് സംഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് ഈ ബൂത്തുതല സമിതികൾ. ഫെബ്രുവരി 24നാണ് എന്‍ഡിഎ ബൂത്ത് സമ്മേളനങ്ങൾ നടക്കുക. കേരളത്തിലെ എല്ലാ ബൂത്തുകളിലും സമ്മേളനം നടത്തും. പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത് പരിപാടിയുമായി ബന്ധപ്പെടുത്തിയാണ് ബൂത്ത് സമ്മേളനങ്ങള്‍ നടക്കുക.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ 16 ന് വൈകിട്ട് കൊച്ചിയില്‍ നടക്കും. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതല്‍ ഗസ്റ്റ് ഹൗസ് വരെ 1.3 കിലോ മീറ്ററാണ് നരേന്ദ്രമോദി റോഡ് ഷോ നടത്തുക. അടുത്ത ദിവസം രാവിലെ ഗുരുവായൂരിലും തൃപ്രയാറിലും ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. ഗുരുവായൂരില്‍ നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും മറ്റ് ചില വിവാഹങ്ങളിലും പങ്കെടുക്കും. തൃപ്രയാറില്‍ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.അതെസമയം കേരളത്തിൽ മോദിയുടെ തുടർച്ചയായ സാന്നിധ്യം ജനങ്ങളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം അയോദ്ധ്യയിലെത്തിയപ്പോള്‍ തന്നെ കേരളത്തിലെ നാലമ്പല ദര്‍ശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മോദി സൂചിപ്പിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
أحدث أقدم