പൊലീസ് സ്റ്റേഷനിൽ ഒരു വർഷം മുമ്പ് നടന്ന പൊലീസ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ചോർന്നു; അന്വേഷണം.





എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ഒരു വർഷം മുമ്പ് നടന്ന പൊലീസ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ചോർന്നു. എസ്ഐ പിപി റെജി സ്റ്റേഷനിലെത്തിയ പ്രതിയെ കുനിച്ചു നിർത്തി മർദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പിപി റെജിയോടുള്ള വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ സ്റ്റേഷനിലെ ചില ഉദ്യോ​ഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടതെന്നാണ് വിവരം.

2023 ജനുവരിയിൽ അമ്പലമേട് പൊലീസ് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണിത്. എസ്ഐ പിപി റെജിയാണ് പ്രതിയെ മർദിക്കുന്നത്.
ഭാര്യയേയും മക്കളേയും മർദിക്കുന്നെന്ന പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിക്കാണ് മർദനമേറ്റത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ​​​​ദൃശ്യങ്ങൾ തന്നെയാണ് പ്രചരിക്കുന്നത്.'


സ്റ്റേഷൻ ഹാർഡ് ഡിസ്കിൽ ആറ് മാസം വരെയാണ് ദൃശ്യങ്ങൾ സൂക്ഷിക്കാറുള്ളത് എന്നിരിക്കെ ഒരു വർഷത്തിനു ശേഷം ദൃശ്യങ്ങൾ എങ്ങനെ പുറത്ത് വന്നെന്ന ചോദ്യമാണ് ഉയരുന്നത്. എസ് ഐ പിപി റജിയോട് വ്യക്തിവൈരാ​ഗ്യമുള്ള സ്റ്റേഷനിലെ തന്നെ ഉദ്യോ​ഗസ്ഥർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പിപി റെജി കമ്മീഷണർക്ക് പരാതി നൽകിയതോടെ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണമുണ്ടാകും.


സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോ​ഗസ്ഥർക്ക് മണ്ണ് മാഫിയയുമായുള്ള ഇടപാടുകൾ പിപി റെജി വിജിലൻസിനു കൈമാറിയതിലുള്ള വൈരാ​ഗ്യമാണ് എസ്ഐയുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിന് പിന്നിലെന്നാണ് വിവരം
أحدث أقدم