മിച്ചഭൂമി കേസ്: സിപിഎം നേതാവ് ജോർജ്ജ് എം തോമസും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമി ഒരാഴ്ചക്കുള്ളിൽ വിട്ടുകൊടുക്കണമെന്ന് ലാൻഡ് ബോര്‍ഡ്






കോഴിക്കോട് : മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസും കുടുംബവും കൈവശം വയ്ച്ചിരിക്കുന്ന മിച്ചഭൂമി ഒരാഴ്ചയ്ക്കകം സർക്കാരിലേക്ക് വിട്ടു കൊടുക്കണമെന്ന് ലാൻഡ് ബോര്‍ഡ്.

 അഞ്ചേമുക്കാൽ ഏക്കർ ഭൂമി സർക്കാരിലേക്ക് വിട്ടു നൽകണമെന്നാണ് ലാൻഡ് ബോർഡ് ഉത്തരവിട്ടിരിക്കുന്നത്. വിട്ടു നല്കാത്ത പക്ഷം തഹസില്‍ദാര്‍ ഭൂമി ഏറ്റെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മുന്‍ എംഎല്‍എ ഉള്‍പ്പെട്ടെ കേസില്‍ ലാന്‍ഡ് ബോര്‍ഡിന്‍റെ വിധി. ജോര്‍ജ്ജും കുടുംബവും കൈവശം വയ്ക്കുന്ന മിച്ചഭൂമിയുടെ കണക്കുകള്‍ വ്യക്തമാക്കിയും തുടര്‍ നടപടികള്‍ വിശദീകരിച്ചുമാണ് കോഴിക്കോട് ലാന്‍ഡ് ബോര്‍ഡിന്‍റെ ഉത്തരവ്.

ജോർജ്ജ് എം തോമസിന്‍റെ പിതാവ് മേക്കാട്ടുകുന്നേല്‍ തോമസിന്‍റെ കൈവശം 16.40 ഏക്കര്‍ മിച്ചഭൂമിയുളളതായി കണ്ടെത്തിയ കോഴിക്കോട് ലാന്‍ഡ് ബോര്‍ഡ്, ഈ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉത്തരവിട്ടതാണ്. എന്നാല്‍, ഉത്തരവ് നടപ്പായില്ല. പിതാവിന്‍റെ മരണശേഷം ഈ ഉത്തരവിനെതിരെ ജോര്‍ജ്ജ് എം തോമസ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീലില്‍ തീരുമാനം വരും മുമ്പ് കൈവശമുളള മിച്ചഭൂമിയില്‍ ഒരേക്കര്‍ ജോര്‍ജ്ജ് എം തോമസ് വില്‍പ്പന നടത്തിയെന്നും പിന്നീടിത് ഭാര്യയുടെ പേരില്‍ തിരികെ വാങ്ങിയതുമായിരുന്നു സമീപകാലത്തെ വിവാദം.

 ഇതുസംബന്ധിച്ച് ലാന്‍ഡ് ബോര്‍ഡിന് മുമ്പാകെ 2022ലാണ് പരാതി എത്തിയത്. നാട്ടൊരുമ പൗരാവകാശ സമിതി പ്രതിനിധി സെയ്തലവി മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് സിറാജുദ്ദീന്‍ എന്നിവരായിരുന്നു പരാതിക്കാര്‍. 

ഇതേതുടര്‍ന്ന് ലാന്‍ഡ് ബോര്‍ഡ് നടത്തിയ വിശദമായ പരിശോധനയിലാണ് ജോര്‍ജ്ജ് എം തോമസിന്‍റെയും കുടുംബാഗങ്ങളുടെയും കൈവശമുളള മിച്ചഭൂമിയുടെ കണക്കില്‍ കൃത്യതത വന്നത്. ഉത്തരവ് അനുസരിച്ച് കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലായി 5.75 ഏക്കര്‍ മിച്ചഭൂമിയാണ് ജോര്‍ജ്ജിന്‍റെയും കുടുംബത്തിന്‍റെ കൈവശം ഉളളത്. ജോര്‍ജ്ജിന്‍റെ പിതാവിന്‍റെ പേരില്‍ 29.99 ഏക്കര്‍ ഭൂമിയാണ് ഉണ്ടായിരുന്നത് എന്നും. ഇതില്‍ 8.75 ഏക്കര്‍ ഇളവിന് അര്‍ഹതയുളളതായും കുടുംബത്തിന് നിയമപരമായി 14.50 ഏക്കര്‍ ഭൂമി കൈവശം വയ്ക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

 അതേസമയം, ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജോര്‍ജ്ജ് എം തോമസ് അറിയിച്ചു.
أحدث أقدم