കെ ഫോണിനൊപ്പം കെ ഫൈ പദ്ധതിയും; ഇൻ്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: നിരവധി പുതിയ പദ്ധതികൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്നോപാർക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്വിഫാക്സ് അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാൻഡുകൾ ഇതിനകം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങൾ ഇതിലൂടെ സാധ്യമാകും. മികച്ച മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവർത്തനാന്തരീക്ഷം ഒരുക്കിയും കൂടുതൽ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിവരസാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റങ്ങളിൽ രാജ്യത്തിന് മാതൃകയായിത്തീർന്ന നിരവധി മുൻകൈകൾ കേരളത്തിന്റേതായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനി, ആദ്യത്തെ ഐ ടി പാർക്ക്, ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവയെല്ലാം ആരംഭിച്ചത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ആദ്യത്തെ ഐ ടി പാർക്കായ തിരുവനന്തപുരത്തെ ടെക്ക്‌നോപാർക്കിൽ ടോറസ് ഡൗൺടൗൺ പോലെ ഒരു സംരംഭം യാഥാർത്ഥ്യമാകുന്നു എന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യൻ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫോൺ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനു പുറമെ കെ - ഫൈ എന്ന പദ്ധതിയിലൂടെ 2,023 പൊതു ഇടങ്ങളിൽ സൗജന്യ വൈ ഫൈ ഹോട്‌സ്‌പോട്ടുകൾ ഒരുക്കിയിട്ടുണ്ട്. 2,000 ഹോട്ട്‌സ്‌പോട്ടുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സാങ്കേതിക വിദ്യാധിഷ്ഠിത വ്യവസായങ്ങളിൽ കേരളം വളരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കേരളത്തിൽ നിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ ഉണ്ടായിട്ടുള്ള വർദ്ധനവ്. 19,066 കോടി രൂപയുടെ സോഫ്റ്റ്‌വെയറുകളാണ് 2022-23 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടത്.കൊച്ചിയിൽ ടെക്‌നോളജി ഇന്നവേഷൻ സോൺ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുഗോഗമിച്ചുവരികയാണെന്ന്. പൂർണ്ണ തോതിൽ സജ്ജമാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷൻ സോൺ ആയിരിക്കുമത്. എയ്‌റോസ്‌പേസ് ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാനായി കെ - സ്‌പേസ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇലക്‌ട്രോണിക് ഹാർഡ്‌വെയർ ടെക്‌നോളജി ഹബ്, എമർജിംഗ് ടെക്‌നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത്തരം ഇടപെടലുകൾ ഫലം കാണുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മുഖ്യമ്ന്ത്രി പറഞ്ഞു.2016ൽ കേരളത്തിലെ സർക്കാർ ഐ ടി പാർക്കുകൾ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022ൽ അത് 17,536 കോടി രൂപയായി വർധിച്ചു. ആറുവർഷം കൊണ്ട് ഏകദേശം ഇരട്ടിയോളം വർദ്ധനവ്. മികച്ച മാർക്കറ്റിങ് സംവിധാനങ്ങളിലൂടെ ദേശീയ - അന്തർദേശീയ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിച്ച് ഐ ടി നിക്ഷേപം നടത്തുന്നതിനു വേണ്ടി പ്രത്യേക മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഐ ടി പാർക്കുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. പാർക്കുകൾ നേരിട്ടും ഉപസംരംഭകർ മുഖേനയും വികസിപ്പിച്ചവ ഉൾപ്പെടെ 2 കോടിയിലധികം ചതുരശ്രയടി സ്‌പേസ് കേരളത്തിലെ ഐ ടി പാർക്കുകളിൽ നിലവിലുണ്ട്.സർക്കാർ പങ്കാളിത്തത്തോടെ സ്വകാര്യ സംരംഭകരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ജറ്റെക്‌സ്, സിബിറ്റ് എന്നിവയുൾപ്പെടെയുള്ള ദേശീയ - അന്തർദേശീയ ഐ ടി മേളകളിലും കോൺഫറൻസുകളിലും മറ്റും പങ്കെടുത്ത് ഐ ടി വ്യവസായത്തിനായി കേരളത്തിൽ ഒരുങ്ങിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, മാനവശേഷി ലഭ്യത, നിക്ഷേപ സാധ്യതകൾ എന്നിവ ലോകവുമായി പങ്കുവെക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


أحدث أقدم