വിവാദ രാമായണ പോസ്റ്റ്; നേരിട്ടെത്തി വിശദീകരിക്കണം, പി ബാലചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ്


തൃശൂർ: രാമായണവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിൽ പി ബാലചന്ദ്രൻ എംഎൽഎയോട് സിപിഐ വിശദീകരണം തേടി.

 ജില്ലാ എക്സിക്യുട്ടീവിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറി പി ബാലചന്ദ്രന് കത്ത് നൽകി. വിഷയം ചർച്ച ചെയ്യാൻ 31നാണ് ജില്ലാ എക്സിക്യൂട്ടിവ് യോഗം വിളിച്ചിരിക്കുന്നത്.

നിലവിലുണ്ടായിരുന്ന അനുകൂല സാഹചര്യം പ്രതികൂലമാക്കിയെന്ന കടുത്ത വിമർശമാണ് സിപിഎം -സിപിഐ നേതാക്കൾ എംഎൽഎക്കെതിരെ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബാലചന്ദ്രൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന് തുടങ്ങുന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്. ഇതിന് പിന്നാലെ ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലടക്കം ബാലചന്ദ്രനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ പി ബാലചന്ദ്രൻ പോസ്റ്റ് പിൻവലിച്ചിരുന്നു. തുടർന്ന് ഫെയ്‌സബുക്കിലൂടെ തന്നെ എംഎൽഎ ഖേദ പ്രകടനവും നടത്തിയിരുന്നു.
أحدث أقدم