എത്ര വലിയ സ്ഥാനത്തെത്തിയാലും ഇടതുപാർട്ടികളിലുമുണ്ട് സ്ത്രീവിരുദ്ധത; ആനി രാജ







ന്യൂഡൽഹി: സ്ത്രീകളുടെ പാർട്ടി പദവിയെ പുരുഷനേതാവുമായുള്ള ബന്ധത്തോട് ചേർത്തുവയ്ക്കുന്ന പ്രവണത ഇടതുപാർട്ടികളിൽ ഉൾപ്പെടെ ഉണ്ടെന്ന് സിപഐ നേതാവ് ആനിരാജ. 

സ്ത്രീ പൊതുരംഗത്തേക്കു വന്നാൽ, ഭർത്താവ്-ഭാര്യ, അച്ഛൻ-മകൾ, സഹോദരൻ-സഹോദരി എന്നീ ബന്ധങ്ങൾ ഉയർത്തി ആണിന്റെ പേരിൽ സ്ത്രീയെ അഭിസംബോധന ചെയ്യുന്ന പ്രവണതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

എത്ര മുതിർന്ന സ്ഥാനത്തെത്തിയാലും സ്ത്രീവിരുദ്ധരീതി ഇടതുപക്ഷപാർട്ടികളിലുൾപ്പെടെ ഉണ്ട്. പുരുഷാധിപത്യ മനോഭാവത്തിന്റെ പ്രതിഫലനമാണിത്. അത് അത്തരത്തിൽ നിലനിർത്തുന്നതിൽ മാധ്യമങ്ങൾക്കും ഒരു പരിധിവരെ പങ്കുണ്ട്.

 എന്റെ പേരെഴുതുമ്പോൾ ഒരു പ്രസക്തിയില്ലെങ്കിലും ഡി. രാജയുടെ ഭാര്യയാണെന്ന് എഴുതും. ഡി. രാജ ഭർത്താവാകുന്നതിനു മുമ്പും ദേശീയതലത്തിൽ വനിതകൾക്കിടയിൽ പ്രവർത്തിച്ചിട്ടും അതൊന്നും കണക്കാക്കുന്നില്ല. സ്ത്രീകളെ പൊതുരംഗത്തേക്കു കൊണ്ടുവരുന്നതിലുള്ള പുരുഷന്മാരുടെ താത്പര്യമില്ലായ്മ, മക്കളുടെ പഠനം, പ്രായമായവരുടെ ശുശ്രൂഷ, കുടുംബം നോക്കൽ, വീടുപരിപാലനം തുടങ്ങിയവയെല്ലാം സ്ത്രീയുടെ ജോലിയാണെന്നു കല്പിച്ച് വീട്ടിലിരുത്തൽ എന്നിവമൂലം സ്ത്രീകൾക്ക് പൊതുമണ്ഡലങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥ തുടരുന്നുവെന്ന് അവർ വ്യക്തമാക്കി.

നേതാവായിക്കഴിഞ്ഞാലും സ്ത്രീയെയും അവരുടെ വ്യക്തിത്വത്തെയും അംഗീകരിക്കാൻ മടിയുള്ളവർ രാഷ്ട്രീയപാർട്ടികളിൽ മുതൽ മാദ്ധ്യമ മേഖലയിൽ വരെയുണ്ടെന്ന് ആനിരാജ മുൻപ് വിമർശിച്ചിരുന്നു.

സ്ത്രീകളുടെ പാർട്ടിപദവികളെ പുരുഷനേതാവുമായുള്ള ബന്ധത്തോടു ചേർത്തുവെക്കുന്ന പ്രവണതയുണ്ടെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ‘ആൻ എജുക്കേഷൻ ഫോർ റിത’ എന്ന തന്റെ ഓർമക്കുറിപ്പിൽ പങ്കുവെച്ചത് വിവാദമായതിനു പിന്നാലെയാണ് ആനി രാജയുടെ പ്രതികരണം.
أحدث أقدم