മണർകാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടവാതൂർ ശാന്തിഗ്രാം കോളനി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ രഘിലാൽ (30) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുപതാം തീയതി രാത്രി 10:30 മണിയോടുകൂടി വടവാതൂർ കുരിശുകവലയ്ക്ക് സമീപം വച്ച് വടവാതൂരിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വടവാതൂരിൽ പ്രവർത്തിക്കുന്ന റബർ ഫാക്ടറിയിലെ ജീവനക്കാരനായ യുവാവ് രാത്രി വടവാതൂർ കുരിശുകവലയ്ക്ക് സമീപം ബൈക്കുമായി റോഡിൽനിന്ന സമയം പെട്ടിഓട്ടോറിക്ഷയിൽ എത്തിയ ഇവർ യുവാവ് ഇവിടെ നിൽക്കുന്നതിനെ ചൊല്ലി ചോദ്യം ചെയ്യുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന ഇടിക്കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിനുശേഷം ഇവർ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിലെ മറ്റു പ്രതികളായ 6 പേരെ കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യപ്രതിയായ രഘിലാലിനെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ഇയാളെ കരുനാഗപ്പള്ളിയില്‍ നിന്നും പിടികൂടുന്നത്. പോലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. രഘിലാലിന് കോട്ടയം ഈസ്റ്റ്, മണർകാട്, കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഗാന്ധിനഗർ, വൈക്കം എന്നീ സ്റ്റേഷനുകളിലായി 25 ഓളം ക്രിമിനല്‍ കേസുകളിൽ പ്രതിയാണ്. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ സുരേഷ് കെ.ആർ, എ.എസ്.ഐ അനോജ്, സി.പി.ഓ മാരായ സതീഷ് എസ്, പത്മകുമാർ, സുബിന്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു
മണർകാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റിൽ.
Jowan Madhumala
0