തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന 'സമരാഗ്നി' ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് കാസര്‍ഗോഡ് നിന്ന് തുടക്കം. വൈകീട്ട് നാലിന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയുടെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി നിര്‍വ്വഹിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടിയായിരിക്കും 14 ജില്ലകളിലൂടെയും യാത്ര കടന്നുപോകുക. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കും.
ഫെബ്രുവരി 29ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. സമാപനസമ്മേളനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ പ്രിയങ്കാ ഗാന്ധിയോ പങ്കെടുക്കും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്നുവീതം പൊതുസമ്മേളനങ്ങള്‍ നടക്കും.