പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി; ബൈക്ക് നിയന്ത്രണം വിട്ട് സൈനികന്‍ മരിച്ചു


 

ഹൈദരാബാദ്: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി സൈനികന്‍ മരിച്ചു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ കെ കോട്ടേശ്വര്‍ റെഡ്ഡി (30) എന്ന സൈനികനാണ് മരിച്ചത്. 

ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. പട്ടച്ചരട് കഴുത്തില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണ് സൈനികന്‍ മരിച്ചത്. 

നിരവധി അപകടങ്ങള്‍ക്ക് കാരണമായതിനാല്‍ നിരോധിക്കപ്പെട്ടിട്ടുള്ള ചൈനീസ് മാഞ്ച എന്ന പട്ടച്ചരടാണ് സൈനികന്റെ ജീവന്‍ നഷ്ടപ്പെടുത്തിയ അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

പട്ടം പറത്തല്‍ ഉത്സവത്തിനിടെ ഹൈദരാബാദില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. അട്ടപ്പൂരില്‍ തനിഷ്‌ക് (11) എന്ന കുട്ടി അപ്പാര്‍ട്ട് മെന്റിന് മുകളില്‍ കൂട്ടുകാര്‍ക്കൊപ്പം പട്ടം പറത്തുന്നതിനിടെ വൈദ്യുതി കമ്പയില്‍ മുട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു. 

നാഗോലയില്‍ പട്ടം പറത്തുന്നതിനിടെ ശിവകുമാര്‍ (13) എന്ന കുട്ടി നാലുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. അല്‍വാലില്‍ പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആകാശ് (20) ആണ് പട്ടം പറത്തലിനിടെ മരിച്ച മറ്റൊരാള്‍.
أحدث أقدم