‘വ്യക്തിപരമായി എതിര്‍പ്പില്ല’; കലോത്സവ ജേതാക്കളായ കണ്ണൂരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍

 


62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കപ്പുയര്‍ത്തിയ കണ്ണൂര്‍ ജില്ലയെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരിനോട് വ്യക്തിപരമായി ഒരെതിര്‍പ്പുമില്ല. പഴയ ചില സാഹചര്യങ്ങളോടുള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.വളരെ മോശം കാലഘട്ടമുണ്ടായിരുന്നു കണ്ണൂരിന്. നിരപരാധികളായ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ മലയാളത്തിലെ ഒരു പ്രശസ്ത നോവലിസ്റ്റ് എഴുതുകയുണ്ടായി, സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കണമെങ്കില്‍ വരെ പാര്‍ട്ടിയുടെ അനുവാദം വേണമെന്ന്. അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയതുകൊണ്ടാണ് കണ്ണൂരിലെ ജനതയെ കുറിച്ച് സഹതാപം തോന്നിയത്. ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനത്തുമാണ്. മലപ്പുറം, കൊല്ലം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, കോട്ടയം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് പിന്നില്‍.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആയി.

أحدث أقدم