തെരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടുവോയെന്ന് കാനഡ അന്വേഷിക്കുന്നു



ടൊറോന്റോ: ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് വീണ്ടും തിരിച്ചടിയേൽപ്പിച്ച്  കഴിഞ്ഞ രണ്ട് കനേഡിയൻ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ ഇടപെട്ടുവെന്ന് ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കാൻ കാനഡ തീരുമാനിച്ചു.

കനേഡിയൻ തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടൽ അന്വേഷിക്കുന്ന ജനകീയ കമ്മീഷൻ കനേഡിയൻ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ ഇടപെട്ടുവെന്ന ആരോപണം സംബന്ധിച്ചുള്ള രേഖകൾ സമർപ്പിക്കാൻ ട്രൂഡോ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബുധനാഴ്ച്ച പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ കമ്മീഷൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

2019, 2021 വർഷങ്ങളിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യ ഇടപെട്ടുവോയെന്ന് പരിശോധിക്കാനാണ് കമ്മീഷന് ലഭിച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ പറയുന്നത്. കഴിഞ്ഞ സെപ്തംബർ 23ന് കമ്മീഷൻ രൂപീകരിക്കപ്പെട്ടപ്പോൾ അവർ ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ ചൈനയും റഷ്യയും പേര് വ്യക്തമല്ലാത്ത മറ്റുള്ള വിദേശ ഏജൻസികളും നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കുമെന്നാണ് പറഞ്ഞിരുന്നത്.

ബുധനാഴ്ച്ച ഒരു ജഡ്‌ജി അധ്യക്ഷനായുള്ള കമ്മീഷൻ പത്രക്കുറിപ്പിറക്കിയതോടെ ഇന്ത്യയും അന്വേഷണ പരിധിയിൽ വരുമെന്ന് വ്യക്തമായി. കമ്മീഷൻ രൂപീകരിക്കപ്പെട്ട കഴിഞ്ഞ സെപ്തംബറിലാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പൗരനായ  ഖാലിസ്ഥാൻ വിഘടനവാദി ഹർപ്രീത് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണമുന്നയിച്ചത്.

ഈ ആരോപണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ  ഉടലെടുത്ത നയതന്ത്ര പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇക്കഴിഞ്ഞ നവംബറിൽ യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ട്രൂഡോയുടെ ആരോപണത്തെ ശരിവെക്കുന്ന കണ്ടെത്തലുകളുമായി മുന്നോട്ട് വന്നിരുന്നു.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്‌മീത് സിംഗ് ചൈനയുടെ മാതൃകയിൽ കനേഡിയൻ തെരഞ്ഞെടുപ്പിൽ തങ്ങളുടെ രാജ്യത്ത് നിന്നുള്ള പ്രവാസികളെ ഉപയോഗിച്ച് ഇടപെട്ടുവോ യെന്ന് അന്വേഷിക്കണമെന്ന് കമ്മീഷന് കത്തെഴുതുകയായിരുന്നു.  
أحدث أقدم