'വീഞ്ഞും കേക്കും’ പരാമർശം പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് സജി ചെറിയാൻ



കൊച്ചി: ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ കടുത്ത പ്രതിഷേധം ഉയരുന്നു സാഹചര്യത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി.

 700ഓളം ആക്രമണങ്ങളാണ് കഴിഞ്ഞ വർഷം ക്രിസ്ത്യൻ സമൂഹത്തിന് നേരെയുണ്ടായത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അക്രമം കൂടുതൽ. ബി.ജെ.പി ഭരിച്ച 9 വർഷം കൊണ്ട് ആക്രമണത്തിന്റെ നിരക്ക് കുത്തനെ വർധിച്ചു. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കിൽ ഇന്ത്യ ഒൻപതാമതാണ്.

മണിപ്പൂരിലെ സംഘർഷം തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. 200ലേറെപ്പേർ കൊല്ലപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും സംഘർഷം തുടരുകയാണ്.

 പ്രധാനമന്ത്രി കലാപാബാധിത പ്രദേശങ്ങൾ സന്ദർശിച്ചില്ല. കേന്ദ്രത്തിന്റെ സംഘപരിവാറിന്റെയും സഹായത്തോടെയാണ് ഇതെല്ലാം നടക്കുന്നത്. ഇതിനെതിരെ ഒന്നിച്ചു പ്രതികരിക്കണമെന്നാണ് ഞാൻ പറഞ്ഞത് – സജി ചെറിയാൻ പറഞ്ഞു.

എന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. അങ്ങനെ തോന്നിയെങ്കിൽ വീഞ്ഞിന്റെയും കേക്കിന്റെയും പരാമർശം പിൻവലിക്കുന്നു. എന്നാൽ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്നമല്ല ഞാൻ ഉന്നയിച്ചത്. മണിപ്പുർ പ്രശ്നത്തിൽ എന്റെ നിലപാടിൽ മാറ്റമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് എന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ശ്രമിക്കില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്പ്പെട്ട് പോകാൻ സാധിക്കില്ല. – സജി ചെറിയാൻ പറഞ്ഞു.
أحدث أقدم