ഗസ്സ യുദ്ധത്തിന് ശേഷം മുനമ്പിലെ പലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ കോംഗോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇസ്രയേല്‍ ചര്‍ച്ച ആരംഭിച്ച് കഴിഞ്ഞതായി ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. പതിനായിരക്കണക്കിന് പലസ്തീനികളെ കയറ്റി അയയ്ക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവും സംഘവും വിവിധ രാജ്യങ്ങളുമായി ചര്‍ച്ച ആരംഭിച്ചെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ മാധ്യമത്തിന്റെ ഹീബ്രു സൈറ്റായ സമാന്‍ ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സമാന്‍ ഇസ്രയേലിനോട് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. അഭയാര്‍ത്ഥികളായി കയറ്റിവിടുന്നവരെ സ്വീകരിക്കാന്‍ കോംഗോ തയാറായിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു.സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് കോംഗോ. വേള്‍ഡ് ഫുഡ് പ്രോഗ്രാം അനുസരിച്ച് കോംഗോയില്‍ 52.5 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ഗസ്സക്കാര്‍ക്ക് സ്വമേധയാ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള സൗകര്യത്തെക്കുറിച്ച് താന്‍ ആലോചിച്ചുവരികയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലികുഡ് പാര്‍ട്ടി യോഗത്തില്‍ സൂചിപ്പിച്ചിരുന്നു. ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ മത സയണിസവും ഒത്സ്മ യെഹൂദിത് പാര്‍ട്ടികളും ഗസ്സക്കാരുടെ സ്വമേധയായുള്ള കുടിയേറ്റമെന്ന നെതന്യാഹുവിന്റെ ആശയത്തെ പിന്തുണച്ചിരുന്നു. സ്വമേധയായുള്ള കുടിയേറ്റത്തെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് ഇസ്രയേലിലെ വലതുപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.