അയോദ്ധ്യാ രാമക്ഷേത്രം ഭക്തർക്ക് തുറന്ന് നൽകി; വൻ തിരക്ക്




അയോദ്ധ്യ : പ്രാണപ്രതിഷ്ഠ പൂർത്തിയായതിന് പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ ഭക്തർക്കായി തുറന്ന് നൽകി.

 രാവിലെ ഏഴരയോടെയാണ് ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവാദം ലഭിച്ചത്. രാമക്ഷേത്രം തുറന്നുള്ള ആദ്യ ദിനത്തിൽ ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്ര പരിസരത്ത് ദർശനത്തിന് എത്തിയിരിക്കുന്നത്. ഇവരുടെ ദർശനം സുഗമമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. കർശന പരിശോധനയ്ക്കു ശേഷമാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.

അതേസമയം ക്ഷേത്രത്തിന്റെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും ഇന്ന് മുതൽ ആരംഭിക്കും.

സാധാരണ ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ 11.30 വരെയാണ് ദർശന സമയം. ഇതിന് ശേഷം രണ്ട് മണിവരെ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ശേഷം ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് ഏഴര വരെ പ്രവേശനം ഉണ്ടായിരിക്കും. ഏഴരയ്ക്കുള്ള സന്ധ്യാ ആരതിയോടെ നട അടയ്ക്കും. 

രാവിലെ ആറരയ്ക്കുള്ള ശൃംഗാർ ആരതിയ്ക്ക് ശേഷമാണ് നട തുറക്കുക.

ആരതി ദർശിക്കാൻ ഭക്തർക്ക് ഓൺലൈൻ ആയി ബുക്ക്‌ചെയ്യാം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ വെബ്‌സൈറ്റിൽ ഉണ്ട്. ഓൺലൈൻ ബുക്കിംഗ് ചെയ്യുന്നവർ ക്ഷേത്രത്തിലെ കൗണ്ടറിൽ നിന്നും പ്രവേശന പാസ് എടുക്കണം. ക്ഷേത്ര ട്രസ്റ്റിന്റെ ക്യാമ്പ് ഓഫീസുകളിൽ നിന്നും ഓഫ്‌ലൈൻ പാസുകളും ലഭ്യമാണ്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തിയത്. ഇന്നലെ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

 ഇന്നലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്ത വിശിഷ്ടാതിഥികളും തുടർന്ന് ചടങ്ങുകൾ റിപ്പോർട്ട് ചെയ്യാൻ എത്തിച്ചേർന്ന മാധ്യമ പ്രവർത്തകരും ക്ഷേത്ര ദർശനം നടത്തിയിരുന്നു.
أحدث أقدم