തൃശൂര്‍: മകളുടെ വിവാഹത്തിന് മുന്നോടിയായി മാതാവിന് കാണിക്കയായി സുരേഷ് ഗോപിയുടെ വക പൊൻകിരീടം. തൃശൂർ ലൂർദ് കത്തീഡ്രലിലാണ് മാതാവിന്‍റെ തിരുസ്വരൂപത്തിൽ സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ചത്. ഇന്ന് രാവിലെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പള്ളിയിലെത്തിയാണ് സുരേഷ് ഗോപി കിരീടം മാതാവിന് സമര്‍പ്പിച്ചത്.ലൂർദ് കത്തീഡ്രലിൽ പെരുന്നാളിനെത്തിയ സമയത്ത് മാതാവിന്‍റെ തിരുസ്വരൂപത്തിലെ കിരീടം ഇളകുന്നത് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന്, സുരേഷ് ഗോപി തന്നെയാണ് നേർച്ചയായി പുതിയ പൊൻ കിരീടം നൽകാൻ സന്നദ്ധത അറിയിച്ചത്. പിന്നീട് കയ്യിലുള്ള സ്വർണ്ണം പരുമല സ്വദേശി അനന്ദൻ ആചാരിയ്ക്ക് നൽകി കിരീടം നിർമിക്കാൻ നിർദേശിക്കുകയായിരുന്നു.രണ്ടാഴ്ചയിലധികം സമയമെടുത്താണ് സ്വര്‍ണക്കിരീടം നിർമിച്ചത്. സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളായ ഭാഗ്യ, ഭാവ്നി എന്നിവര്‍ ഒരുമിച്ച് ഇന്ന് രാവിലെ ലൂർദ് കത്തീഡ്രലിലെത്തി മാതാവിന്‍റെ തിരുസ്വരൂപത്തിൽ കിരീടം അണിയിക്കുകയായിരുന്നു. വികാരി ഫാ ഡേവിസ് പുലിക്കോട്ടിലിന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ് സുരേഷ് ഗോപി സമര്‍പ്പിച്ചത്.17 ന് ഗുരുവായൂർ ക്ഷേത്രത്തിലാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. മകളുടെ വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ പള്ളിയിലെത്തിയാണ് സുരേഷ് ഗോപി കിരീടം സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഭാഗ്യ സുരേഷിന്‍റെ ഹല്‍ദി ചടങ്ങുകള്‍ നടന്നത്. ഈ വരുന്ന ബുധനാഴ്ചയാണ് (ജനുവരി 17) സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്.
മാതാവിന്‍റെ കിരീടം ഇളകുന്നത് കണ്ട് മനസ്സലിഞ്ഞു; മകളുടെ കല്യാണത്തലേന്ന് വാക്കുപാലിച്ച് സുരേഷ് ഗോപി, നിര്‍മിച്ചത് സ്വന്തം സ്വര്‍ണം കൊണ്ട്
jibin
0