അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; വിമർശനവുമായി മുഖ്യമന്ത്രി



തിരുവനന്തപുരം : അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മത ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിൻ്റെ പരിപാടിയായി ആഘോഷിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് മതേതരത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു രാജ്യമെന്ന നിലയിൽ സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ഇന്ത്യയുടെ സ്വത്വമാണിത്. വിശ്വാസികളും അവിശ്വാസികളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. ഓരോ പൗരനും ഭരണഘടനാ സ്വാതന്ത്ര്യം തുല്യമായി അനുഭവിക്കണം. മത വിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.

ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. ഒരു മതം വലുതും മറ്റൊന്ന് ചെറുതും എന്ന് പറയാൻ കഴിയില്ല. ഇന്ത്യൻ മതേതരത്വം മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്നതാണ് എന്ന് ജവഹർലാൽ നെഹ്‌റു തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ പാരമ്പര്യം നമ്മുടെ ചരിത്രത്തിലുണ്ടെന്നും എന്നാൽ ഇപ്പോൾ മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്ന രേഖ കുറഞ്ഞു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ ഇത് അസ്വസ്ഥത സൃഷ്ടിക്കും. ഒരു മതപരമായ ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിൻ്റെ പരിപാടിയായി ആഘോഷിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാൻ ബന്ധപ്പെട്ടവരിൽ നിന്ന് ക്ഷണം ലഭിച്ചു. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവർ എന്ന നിലയിൽ തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കണം. അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാത്തതിലൂടെ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
أحدث أقدم