കോഴിക്കൂട്ടിൽ പാമ്പ് കയറി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, കോഴിക്കൂട്ടിൽ മുതല കയറി എന്ന് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു സംഭവമുണ്ടായത് അങ്ങ് ക്വീൻസ്‍ലാൻഡിലാണ്. കോഴിക്കൂട്ടിൽ മുതല കയറി എന്നും പറഞ്ഞ് ഇവിടുത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം കിട്ടുകയായിരുന്നു. ക്വീൻസ്‍ലാൻഡ് എൻവയോൺമെന്റ് എന്ന ഫേസ്ബുക്ക് പേജിൽ ഈ രസകരമായ അനുഭവം പങ്കുവച്ചിട്ടുമുണ്ട്. ക്വീൻസ്‍ലാൻഡ് എൻവയോൺമെന്റ്, സയൻസ് ആൻഡ് ഇന്നവേഷൻ വിഭാഗം (The Queensland Department of Environment, Science and Innovation) പറയുന്നത് മക്കെയുടെ വടക്ക് ഭാഗത്തുള്ള കേപ് ഹിൽസ്ബറോയിലെ ഒരു വീട്ടിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ തേടി ഒരു കോൾ വരികയായിരുന്നു എന്നാണ്. കോഴിക്കൂട്ടിൽ മുതല കയറിയെന്നും പിടികൂടണം എന്നും ആവശ്യപ്പെട്ടായിരുന്നു കോൾ. ആദ്യം ഇവിടുത്തെ താമസക്കാർ കരുതിയത് അതേതോ പല്ലിയിനത്തിൽ പെട്ടൊരു ഭീമൻ ജീവിയാണ് എന്നാണ്. എന്നാൽ, സൂക്ഷ്മ പരിശോധനയിലാണ് അതൊരു മുതലയാണ് എന്ന് അവർക്ക് മനസിലായത്. പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിക്കുന്നത്. 'ഞങ്ങളുടെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ ഒരു വലിയ പിവിസി ട്യൂബിൽ 1മീറ്റർ വരുന്ന ഒരു മുതലയെ സുരക്ഷിതമായി നീക്കം ചെയ്തു. ലൈസൻസുള്ള ഏതെങ്കിലും ഫാമോ മൃഗശാലയോ ഒക്കെ കണ്ടെത്തി മാറ്റുന്നത് വരെ അത് താല്ക്കാലികമായി തങ്ങളുടെ പരിചരണത്തിൽ തുടരും. ആ സ്ഥലത്തുള്ള കോഴികൾക്കോ, വളർത്തുമൃഗങ്ങൾക്കോ ഒന്നും തന്നെ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല' എന്നും പോസ്റ്റിൽ പറയുന്നു. മുതലയുടെ ചിത്രവും കൊടുത്തിട്ടുണ്ട്. ഒപ്പം ആഴ്ചകൾ നീണ്ട മഴയെ തുടർന്നാകാം ഇത് സംഭവിച്ചത്, ഇനിയും ഇങ്ങനെ മുതലയെ കാണാനുള്ള സാധ്യതയുണ്ട് ആ സമയം ഉദ്യോഗസ്ഥരെ വിളിക്കേണ്ടതുണ്ട് എന്നും പോസ്റ്റിൽ പറയുന്നു. വളരെ പെട്ടെന്ന് തന്നെ ചിത്രം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. വളരെ രസകരമായ കമന്റുകളാണ് ആളുകൾ പോസ്റ്റിന് നൽകിയത്. അതേസമയം ഇതൊരു ഭയപ്പെടുത്തുന്ന കാഴ്ചയാണ് എന്ന് പറഞ്ഞവരുമുണ്ട്.