ഒരു മാസം കൊണ്ട് മാത്രം അയോദ്ധ്യയിൽ കാണിക്കയായി ലഭിച്ചത് 10 കിലോ സ്വർണ്ണവും, 25 കോടി രൂപയും; ട്രസ്റ്റിന് നേരിട്ട് ലഭിച്ച തുക വേറെയും


അയോദ്ധ്യ: വെറും ഒരു മാസം കൊണ്ട് അയോദ്ധ്യ സന്ദർശിച്ചവരുടെ എണ്ണം ഈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു, ഏതാണ്ട് 60 ലക്ഷം പേരാണ് ഒരു മാസം കൊണ്ട് അയോദ്ധ്യ സന്ദർശിച്ചത്. എന്നാൽ ഇപ്പോഴിതാ ഒരു മാസം കൊണ്ട് ഭക്ത ജനലക്ഷങ്ങൾ ക്ഷേത്രത്തിന് നൽകിയ കാണിക്കയുടെ കണക്ക് പുറത്ത് വിട്ട് ക്ഷേത്ര ട്രസ്റ്റ്.

ഏതാണ്ട് 10 കിലോഗ്രാമോളം സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും ഇതിന് പുറമെ പണമായും ചെക്കായും ഡ്രാഫ്റ്റായും ലഭിച്ച 25 കോടി രൂപയുമാണ് വെറും ഒരു മാസത്തിനുള്ളിൽ കാണിക്കയായി ഭക്തർ ക്ഷേത്രത്തിൽ സമർപ്പിച്ചത് . അതേസമയം ട്രസ്റ്റിന്റെ ബാക്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് ലഭിക്കുന്ന തുകയുടെ കണക്ക് ഇത് വരെ പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ ആ തുക കണക്കിൽ പെടുത്തിയിട്ടില്ലെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു. അത് കൂടി ഉൾപ്പെടുത്തുമ്പോൾ ഒരുപക്ഷെ തുക ഇതിന്റെ ഇരട്ടിയായാലും അതിശയിക്കാനില്ല. ഭക്ത ജനങ്ങളുടെ ഭഗവാൻ ശ്രീരാമനോടുള്ള അളവറ്റ സ്നേഹത്തിന്റെ പ്രതീകമായാണ് ഇതിനെ കണക്കാക്കുന്നത്.

എന്നാൽ ഭക്തർ നൽകുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്ക് ഏർപ്പെടുത്തിയിട്ടുണ്ട് രാമക്ഷേത്ര അധികൃതർ. തീർത്ഥാടകര്‍ക്ക് രസീത് നൽകാൻ ഒരു ഡസനോളം കംപ്യൂട്ടർവത്കൃത കൗണ്ടറുകള്‍ ക്ഷേത്രത്തിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ അത്ര തന്നെ ബോക്സുകളും കാണിക്കയിടാനായി ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. പൂർണ സജ്ജമായ ഒരു കൗണ്ടിങ് റൂം പണം എണ്ണിത്തിടപ്പെടുത്താൻ വേണ്ടി മാത്രമായി ഉടൻ തന്നെ ക്ഷേത്ര കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങുമെന്നും പ്രകാശ് ഗുപ്ത പറഞ്ഞു.
أحدث أقدم