ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ്.. രണ്ടു മണിക്കൂര്‍ 30 മിനിറ്റ്


 
തിരുവനന്തപുരം: ബജറ്റ് പ്രസംഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലൻ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. രണ്ടു മണിക്കൂര്‍ 30 മിനിറ്റാണ് ബജറ്റവതരണം നീണ്ടുനിന്നത്. കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടു തുടങ്ങിയ ബജറ്റ് അവതരണം കേന്ദ്രത്തെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു അവസാനിപ്പിച്ചത്. ”കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ” എന്ന മഹാകവി വള്ളത്തോളിന്‍റെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റവതരണം അവസാനിപ്പിച്ചത്.

61 മിനിറ്റ് കൊണ്ടാണ് 2021ലെ തന്‍റെ കന്നി ബജറ്റ് ബാലഗോപാല്‍ അവതരിപ്പിച്ചത്. മുന്‍ഗാമികളെപ്പോലെ കഥയും കവിതയൊന്നുമില്ലാതെ ശരവേഗത്തില്‍ പറഞ്ഞുതീര്‍ക്കുകയായിരുന്നു ധനമന്ത്രി. രണ്ടാമത്തെ ബജറ്റവതരണം രണ്ട് മണിക്കൂര്‍ 15 മിനിറ്റാണ് നീണ്ടുനിന്നത്. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് കൊണ്ടാണ് ബാലഗോപാല്‍ തന്‍റെ മൂന്നാം ബജറ്റും വായിച്ചു തീര്‍ത്തത്. രാവിലെ 9ന് ആരംഭിച്ച ബജറ്റവതരണം 11.18ന് അവസാനിക്കുകയായിരുന്നു.




ക്ഷേമപെൻഷൻ തുക ഉയര്‍ത്തിയില്ല.. 


സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാരെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തില്‍ ഇക്കുറി പെന്‍ഷനില്‍ വര്‍ധനവ് പ്രഖ്യാപിച്ചിട്ടില്ല. പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ചില നടപടികള്‍ മൂലം അത് വൈകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ 62 ലക്ഷം ആളുകള്‍ക്കാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ നല്‍കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിരക്കില്‍ പെന്‍ഷന്‍ നല്‍കിവരുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം 1600 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതിനായി പ്രതിവര്‍ഷം വേണ്ടിവരുന്നത് 9000 കോടി രൂപയാണ്. സാമൂഹികക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നല്‍കുന്നതെന്നും അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും മന്ത്രി പറഞ്ഞു. എങ്കിലും അടുത്തവര്‍ഷം കൃത്യമായി സാമൂഹിക പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
أحدث أقدم