പ്രമുഖ ബാങ്കുകളുടെയും കോളേജ് പ്രിൻസിപ്പാളിന്റെയും ഉൾപ്പെടെ 37ഓളം വ്യാജ സീലുകൾ; വാഹന പരിശോധനക്കിടെ മൂന്നംഗ സംഘം പിടിയിൽ


കാസർകോട് : വ്യജ സീലുകളുമായി മൂന്ന് പേർ പോലീസിന്റെ വാഹനപരിശോധനക്കിടെ പിടിയിൽ. എംഎ അഹമ്മദ് അബ്രാർ, എംഎ സാബിത്ത്, പടന്നക്കാട് സ്വദേശി മുഹമ്മദ് സഫ് വാൻ എന്നിവരാണ് പിടിയിലായത്. കാസർഗോഡ് ഉടുമ്പുതല സ്വദേശികളാണ് മൂന്ന് പേരും.

ഇവരിൽ നിന്നും മുപ്പത്തിയേഴോളം വ്യജ സീലുകൾ കണ്ടെടുത്തു. ബാങ്കുകൾ, ഡോക്ടർമാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഉൾപ്പെടെയുള്ള സീലുകളാണ് പിടികൂടിയത്. കണ്ണാടിത്തോട് വച്ചാണ് മൂവരും പിടിയിലായത്.

കാനറാ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകളുടെ വിവിധ ബ്രാഞ്ചുകളുടെ സീലുകൾ ഇവരുടെ കയ്യിൽ നിന്നും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ എംഇഎസ് കോളേജ്, ഷറഫ ആർട്‌സ് ആന്റ് സയൻസ് കോളേജ് എന്നിവയുടെ പ്രിൻസിപ്പാളിന്റെ പേരിലുള്ള സീലുകളും റൗണ്ട് സീലുകളും ഡോക്ടർമാരായ സുദീപ് കിരൺ, വിനോദ് കുമാർ, രമ്യ, സുധീഷ് എന്നിവരുടെ പേരിലുള്ള വ്യാജ സീലുകളും ഇവരിൽ നിന്നും കണ്ടെത്തി.

വ്യാജ സർട്ടിഫിക്കേറ്റ് നിർമിച്ച് വിദേശത്തേക്ക് ആളെ കടത്തുന്നവരാണ് ഇവരെന്നാണ് നിഗമനം. പ്രതികൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
أحدث أقدم