എൻഐടിക്ക് മുന്നിൽ എബിവിപി പ്രതിഷേധം; ഗോഡ്‌സെയുടെ ചിത്രം കത്തിച്ചു

 

കോഴിക്കോട് : ഗോഡ്സെയെ മഹത്വവൽക്കരിച്ച എൻഐടി അധ്യാപിക ഷൈജ ആണ്ടവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എൻഐടിക്ക് മുന്നിൽ എബിവിപി പ്രതിഷേധം.

 കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടന്നത്. പ്രതിഷേധത്തിനിടെ പ്രവർത്തകർ ഗോഡ്‌സെയുടെ ചിത്രം കത്തിച്ചു. 

ഗാന്ധിയെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയാണ് ഗോഡ്സെയെന്നും അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു ശക്തമായ സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു.

അധ്യാപികക്കെതിരെ കേന്ദ്രമന്ത്രിക്കും യുജിസിക്കും പരാതി നൽകും. അധ്യാപികയില്‍ നിന്ന് വിശദീകരണം തേടാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയതായി എന്‍.ഐ.ടി ഡയറക്ടര്‍ പറഞ്ഞു. 

അധ്യാപിക ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി നല്‍കിയ കത്തിനാണ് എന്‍.ഐ.ടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ മറുപടി നല്‍കിയത്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ച് വിവരം എം.പിയെ അറിയിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
أحدث أقدم