ന്യൂഡല്‍ഹി : ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി.
നേരിട്ട് ഹാജരായ പ്രിസൈഡിങ് ഓഫീസര്‍ അനില്‍ മാസിഹിനെതിരെ കോടതി വീണ്ടും രൂക്ഷ വിമര്‍ശനമുന്നയിച്ചു. വോട്ടെടുപ്പിന്റെ വീഡിയോ കോടതി കണ്ടു. ചില ബാലറ്റ് പേപ്പറുകളില്‍ നിങ്ങള്‍ X മാര്‍ക്ക് ഇടുന്നത് വീഡിയോയില്‍ നിന്ന് വളരെ വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഇത് ഗൗരവമേറിയ വിഷയമാണ്. ബാലറ്റ് പേപ്പറുകളില്‍ X മാര്‍ക്ക് ഇട്ടത് എന്തിനാണെന്ന് കോടതി ചോദിച്ചു. അസാധുവായ ബാലറ്റ് പേപ്പറുകള്‍ തിരിച്ചറിയാനാണ് മാര്‍ക്ക് ഇട്ടതെന്നായിരുന്നു അനില്‍ മാസിഹിന്റെ മറുപടി. എത്ര എണ്ണത്തില്‍ അത്തരത്തില്‍ മാര്‍ക്ക് ചെയ്‌തെന്ന ചോദ്യത്തിന് എട്ടെണ്ണത്തിന് എന്നായിരുന്നു മറുപടി.
എന്തുകൊണ്ടാണ് ബാലറ്റ് പേപ്പറുകള്‍ അസാധുവായത്. ബാലറ്റ് പേപ്പറുകളില്‍ മാര്‍ക്ക് ഇടാന്‍ നിയമത്തില്‍ അനുവദിക്കുന്നുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. തുടര്‍ന്നാണ് സോളിസിറ്റര്‍ ജനറലിനോട്, വരണാധികാരി തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നും, പ്രോസിക്യൂട്ട് ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
മേയര്‍ തെരഞ്ഞെടുപ്പ് വിവാദമായ പശ്ചാത്തലത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താമെന്ന് ചണ്ഡീഗഡ് ഭരണകൂടത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. എന്നാല്‍ പുതിയ വോട്ടെടുപ്പ് നടത്തുന്നത് കുതിരക്കച്ചവടത്തിന് കാരണമാകുമെന്ന് സംശയിക്കുന്നതായി സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.
വിവാദമായ ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിന്റെ ഫലം നിലവിലുള്ള ബാലറ്റ് പേപ്പറിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മുന്‍ വരണാധികാരി അനില്‍ മസിഹ് രേഖപ്പെടുത്തിയ മാര്‍ക്ക് അവഗണിച്ച് പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണണം. ഇതിനായി ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ വരണാധികാരിയായി നിയമിക്കാന്‍ ചണ്ഡീഗഡ് അഡ്മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി കമ്മീഷണറോട് കോടതി നിര്‍ദേശിച്ചു.
പുതിയ റിട്ടേണിംഗ് ഓഫീസര്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കണം. വോട്ടെണ്ണല്‍ നിരീക്ഷിക്കാനായി ജുഡീഷ്യല്‍ ഓഫീസറെ നിയോഗിക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
നിലവിലെ ബാലറ്റ് പേപ്പറുകളെല്ലാം നാളെ രാവിലെ 10.30 ന് മുമ്പായി കോടതിയില്‍ എത്തിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.