കുടിവെള്ള ക്ഷാമം രൂക്ഷം.. റോഡ് ഉപരോധിച്ച് നാട്ടുകാർ…


 

ഹരിപ്പാട്: കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആറാട്ടുപുഴയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഏഴ്, എട്ട് വാർഡുകൾ ഉൾപ്പെടുന്ന വലിയഴീക്കൽ, തറയിൽ കടവ് ഭാഗത്തെ ശുദ്ധ ജലക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്തിന്റെ പതിനാലാം നമ്പർ റോഡും വലിയഴീക്കൽ തീരദേശ റോഡും നാട്ടുകാർ ഉപരോധിച്ചത്.

കഴിഞ്ഞ രണ്ട് മാസമായി ഈ ഭാഗങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന ജനങ്ങൾ ഇതുമൂലം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ശുദ്ധജലം എത്തിക്കുന്ന വാഹനം തടഞ്ഞ ശേഷമാണ് സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ പതിനാലാം നമ്പർ റോഡ് ഉപരോധിച്ചത്. രണ്ടു മണിക്കൂർ സമരം നടത്തിയിട്ടും അധികാരികൾ സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് തീരദേശ റോഡ് ഉപരോധിക്കുകയായിരുന്നു. തൃക്കുന്നപ്പുഴ പോലീസ് എത്തി സമരക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
أحدث أقدم